കൊച്ചി: സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്നും ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്‌ബോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ടോവിനോ തോമസ്. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം

മഞ്ജു വാര്യർ എന്ന നടിയ്‌ക്കൊപ്പം സ്‌ക്രീനിൽ അഭിനയിക്കാൻ സാധിച്ചതും വലിയൊരു അനുഭവമായിരുന്നു. എല്ലാ പ്രേക്ഷകർക്കും തിയേറ്ററിലെത്തി കാണാവുന്ന ചിത്രമാണ് ആമിയെന്ന് ടോവിനോ പറയുന്നു.

സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് ആറ് വർഷമായിട്ട് ആദ്യമായാണ് ഇത്രയും മുതിർന്ന സംവിധായകന്റെ ഒപ്പം അഭിനയിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട് ആമി ഒരിക്കലും ചെറിയ സിനിമയല്ല മറിച്ച് വലിയ കാൻവാസിലൊരുങ്ങുന്ന വലിയ സിനിമയാണ്.

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കടുത്ത ആരാധകനാണ് താൻ. വർഷങ്ങൾക്ക് മുൻപ് മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ചപ്പോൾ തുടങ്ങിയ ആരാധനയാണിത്. പിന്നീടങ്ങോട്ട് മാധവിക്കുട്ടിയുടെ മുഴുവൻ കൃതികളും വായിച്ചിരുന്നെന്നും ടോവിനോ പറഞ്ഞിരുന്നു.