ഇറാനിലെ പടിഞ്ഞാറൻ ഭാഗത്ത് വിഷക്കൂൺ കഴിച്ച് 11 പേർ മരിച്ചു. ഇതിന് പുറമെ ഇത്തരം കൂൺ കഴിച്ച് 800ഓളം പേർ ആശുപത്രിയിലായിട്ടുമുണ്ട്. കനത്ത മഴയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ വിഷക്കൂണുകൾ മുളച്ച് പൊന്തിയതിനെ തുടർന്നാണീ പ്രതിസന്ധി സംജാതമായിരിക്കുന്നത്. യഥാർത്ഥ കൂണുമായി സാമ്യമുള്ള വിഷക്കൂൺ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നമായിത്തീർന്നിരിക്കുന്നത്. ഇക്കാരണത്താൽ എല്ലാ ഗൾഫ് രാജ്യങ്ങളിലുമുള്ളവർ കൂൺ കഴിക്കുന്നതിന് മുമ്പ് മുൻകരുതലെടുക്കേണ്ടതാണെന്ന് നിർദേശമുണ്ട്.

ഇത്തരത്തിൽ കൂണിൽ നിന്നും വിഷം അകത്തായാൽ അതിന് ഫലപ്രദമായ ചികിത്സയില്ലെന്നതാണ് പ്രശ്നമായിത്തീരുന്നത്. ഇക്കൂട്ടത്തിൽ നിരവധി പേർക്ക് പിന്നീട് ലിവർ മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ അപ്രതീക്ഷിതമായ കനത്ത മഴയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പർവത പ്രദേശങ്ങളിൽ ഇത്തരം കൂണുകൾ പെട്ടെന്ന് തഴച്ച് വളരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വിഷമില്ലാത്തതും ഭക്ഷ്യയോഗ്യവുമായ കൂണുകളോട് സാമ്യം പുലർത്തുന്നവയാണ് വിഷക്കൂണുകളെന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നതെന്നാണ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.

പ്രദേശവാസികൾക്ക് ഇവയെ വേറിട്ടറിയാൻ സാധിക്കാത്തത് അവരെ അപകടത്തിലേക്ക് തള്ളി വിടുന്നുമുണ്ട്. ഇപ്പോൾ മരിച്ചിരിക്കുന്നവരും ആശുപത്രിയിലായവരും ഏത് പ്രത്യേക തരത്തിലുള്ള വിഷക്കൂണാണ് കഴിച്ചിരിക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇറാനിലെ കാട്ട് പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന വിഷക്കൂണുകളാണ് അമാനിറ്റ ഫാലോയ്ഡ്സ്, അല്ലെങ്കിൽ ഡെത്ത് ക്യാപ്, എന്നിവ. കൂൺ കഴിച്ച് ആശുപത്രിയിലാ ഏതാണ്ട് 50 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് ഇറാനിലെ ടാസ്നിം ന്യൂസ് ഏജൻസി വെളിപ്പെടുത്തുന്നത്.

ഇവരിൽ ചിലർ ലിവർ ട്രാൻസ്പ്ലാന്റേഷനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. രണ്ട് പേരുടെ ലിവർ മാറ്റി വച്ചിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ തെരുവുകളിൽ കൂൺവിൽക്കാൻ വച്ചിരിക്കുന്നതായി കാണാം. എന്നാൽ കൂണുകളെ കുറിച്ച് പരമ്പരാഗത അറിവുകളുള്ള തദ്ദേശവാസികളുടെ സഹായത്തോടെയാണ് വിഷമുള്ളതും ഇല്ലാത്തതുമായ കൂണുകൾ വേർതിരിച്ചറിഞ്ഞതിന് ശേഷമാണ് വിൽപനക്ക് വയ്ക്കാറുള്ളത്.കെർമാൻഷാ, കോർഡെസ്റ്റാൻ, ലോറെസ്റ്റാൻ,സാൻജാൻ, വെസ്റ്റ് അസർബൈജാൻ, കോഹ്ഗിലുയെ, ബോയെർ അഹമ്മദ്, ക്വാസ് വിൻ, എന്നീ പ്രവിശ്യകളിലുള്ളവരെയാണ് വിഷക്കൂൺ ബാധിച്ചിരിക്കുന്നത്.

മരിച്ചവരിൽ ഏഴ് പേർ കെർമാൻഷാ പ്രവിശ്യയിലുള്ളവരാണ്. അപകടസാധ്യത വർധിച്ച സാഹചര്യത്തിൽ ലൂസ് കൂൺ വാങ്ങരുതെന്നും മറിച്ച് പായ്ക്കറ്റില് അടച്ച് സീൽ ചെയ്ത് ഷോപ്പുകളിൽ വിൽക്കുന്ന കൂണുകൾ മാത്രമേ വാങ്ങിയുപയോഗിക്കാവു എന്ന് ആളുകൾക്ക് അധികൃതർ കടുത്ത നിർദേശമേകുന്നു.