ഡബ്ലിൻ: അയർലണ്ടിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ പരിപാടിയായ ടോയ് ഷോയിൽ (Late Late Toy Show) ഇത്തവണ മലയാളി കുട്ടികളുടെ സംഘ നൃത്തവും അരങ്ങേറും. നാളെ രാത്രി 9.35 മുതലാണ് ആർ.ടി.യി ഒന്നിൽ (RTE -1 ) പരിപാടി സംപ്രേഷണം ചെയ്യുക.

രണ്ടു മാസം മുമ്പ് നടന്ന ഓഡിഷനിൽ 2000 - ത്തോളം ഇനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളാണ് ഷോയിൽ അരങ്ങേറുക. മീനാ റാം നടത്തുന്ന ശിവ ഡാൻസ് അക്കാദമിയിലെ കുട്ടികളായ അഞ്ജലി ശിവാനന്ദകുമാർ , അൻസ്റ്റീന അനിത്ത് , അഷ്ന ജോബി , ഹെസ്സാ മേരി പോൾ , ജെസ്ന ജോബി, നേഹാ ആൻ ജോസഫ് എന്നിവരുടെ സംഘ നൃത്തമാണ് ഷോയിൽ തിരഞ്ഞെടുത്തത്.

1975 മുതൽ ടെലിവിഷനിൽ അരങ്ങേറുന്ന ഈ പരിപാടി അയർലണ്ടിലെ സെന്റ് പാട്രിക്സ് ദിന പരേഡ് പോലെ ഐറിഷ് ജീവിതത്തിന്റെ ഭാഗമായി മാറിയതാണ്.

വിപണിയിൽ ലഭ്യമായ പുതിയ കളിപ്പാട്ടങ്ങൾ ക്രിസ്മസിന് മുമ്പ് പരിചയപെടുത്തുന്നതിനൊപ്പം കുട്ടികളുടെ വിവിധ കലാ പരിപാടികളും , പ്രശസ്ഥ വ്യക്തികളുടെ സാന്നിദ്ധ്യവും ഈ പരിപാടിയുടെ പ്രധാന ആകർഷണമാണ്.

ആർ.ടി.യിയിലെ ഏറ്റവും പ്രതിഫലമുള്ള റയാൻ റ്റബ്‌റിബി (Ryan Tubridy) യാണ് ടോയ് ഷോയുടെ അവതാരകൻ

ആവശ്യക്കാരുടെ ബാഹുല്യം കാരണം ടോയ് ഷോയിൽ കാണികളെ തിരഞ്ഞെടുക്കുന്നത് നറക്കെടുപ്പിലൂടെയാണ്. വർഷങ്ങളായി അപേക്ഷിക്കുന്നവർ നിരവധിയാണ്. അതുപോലെ പരസ്യ നിരക്കിലും മറ്റെല്ലാ പരിപാടികളെയും കടത്തിവെട്ടുന്നതാണ് ടോയ് ഷോ.