കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായി മാത്തുണ്ണി മാത്യൂസിന്റെ (ടൊയോട്ട സണ്ണി) സംസ്‌കാരം വെള്ളിയാഴ്ച 12നു കുമ്പനാട് എലീം ചർച്ചിൽ നടക്കും. മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതൽ ഒരുമണിക്കൂർ കുവൈത്ത് നാഷനൽ ഇവാൻജലിക്കൽ ചർച്ചിലെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു വൈകിട്ടുള്ള കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ കൊച്ചിയിലെത്തിക്കും. കുവൈത്തിലെ വീട്ടിൽ അനുശോചനം രേഖപ്പെടുത്താൻ നിരവധിപ്പേരാണ് എത്തുന്നത്.

കുവൈത്ത് യുദ്ധകാലത്ത് ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുകൊണ്ടാണ് സണ്ണി മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിസ്തുല സേവനം അനുഷ്ഠിച്ച സണ്ണിയുടെ ജീവിതം എയർലിഫ്റ്റ് എന്ന പേരിൽ ബോളിവുഡ് സിനിമയുമായി. അക്ഷയ് കുമാറാണ് ചിത്രത്തിൽ അഭിനയിച്ചത്.

ദീർഘകാലമായി അസുഖബാധിതനായിരുന്ന സണ്ണിയുടെ അന്ത്യം കഴിഞ്ഞ ശനിയാഴ്ച കുവൈത്ത് ഖാദിസിയയിലെ വീട്ടിൽവച്ചായിരുന്നു. ഇരവിപേരൂർ സ്വദേശിയായ സണ്ണി 1956ൽ ആണ് കുവൈത്തിലെത്തുന്നത്. ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു.

സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിൽ നാശം വിതച്ചപ്പോൾ ഇന്ത്യക്കാർ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ക്യാമ്പ് ഒരുക്കുകയും 125 ബസുകളിൽ ജോർദാനിലെ അമ്മാനിൽ എത്തിച്ചുമാണ് ഇന്ത്യക്കാർക്ക് സണ്ണി രക്ഷകനായത്. എയർഇന്ത്യ അമ്മാനിൽനിന്ന് ഇടതടവില്ലാതെ സർവീസ് നടത്തി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

കുവൈത്തിലെ പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്. അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടത്.

പിന്നീട് സഫീന റെന്റ് എ കാർ, സഫീന ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.
ജാബിരിയ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.