പ്രധാന കാർനിർമ്മാണ കമ്പനികളായ ടോയോട്ടയും ഹോൾടനും ഓസ്‌ട്രെലിയയിലെ ഫാക്ടറികൾ അടച്ച് പൂട്ടുന്നു. ടോയോട്ടയുടെ മെൽബന്റെ തെക്ക് പടിഞ്ഞാറൻ സബർബായ അൾട്ടോണയിലെ ഫാക്ടറിയുടെ പ്രവർത്തനം ഇതിനോടകം തന്നെ അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.ഒക്ടോബർ 20 ന് അഡ്ലെയ്ഡിലെ പ്ലാന്റ് ഹോൾഡൻ അടച്ചുപൂട്ടും. ഇതോടെ നിരവധി തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമാവുന്നത്.

ഹോൾഡൻ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന 944 തൊഴിലാളികൾക്കും ആൾട്ടോണയിലെ ടൊയോട്ടയുടെ ഫാക്ടറിയിലെ 2500 തൊഴിലാളികൾക്കുമാണ് പണിയില്ലാതാവുന്നത്.ഓറിയോൺ, കാമ്രി മോഡലുകളായിരുന്നു ടോയോട്ടോ ഫാക്ടറിയിൽ പ്രധാനമായും നിർമ്മിച്ചിരുന്നത്. ഇനി മുതൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മോഡലുകളായിരിക്കും ഓസ്‌ട്രേലിയൻ വിപണിയിൽ ലഭ്യമാവുക.

2014 ലാണ് നിർമ്മാണം അവസാനിപ്പിക്കുന്ന കാര്യം ടൊയോട്ട പ്രാഖ്യാപിച്ചത്. ഇതേത്തുടർന്ന് കമ്പനി അവിടത്തെ ജീവനക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനായി നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2200 ഓളം തൊഴിലാളികൾ ഇതിൽ പങ്കെടുത്തിരുന്നു.