കോഴിക്കോട്: സ്‌പോർട്‌സും കായികതാരങ്ങളും വളരുന്നതോടൊപ്പം കായികവിരുദ്ധ കീടങ്ങളും വർധിക്കുന്നതായി കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ. മരുന്നടിക്കാതെ ഒരു കായികതാരത്തിന് മികച്ച നേട്ടമുണ്ടാക്കാനാവില്ലെന്ന ദുശ്ചിന്തയാണ് പലർക്കും. അതിനാൽ തന്നെ മരുന്നടി അറിയാതിരിക്കാനുള്ള വിദ്യയാണ് ലോകം ചികയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സ്പോർട്സ് കൗൺസിലിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോഴിക്കോട്ടെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് തന്റെ പ്രതീക്ഷകളും ആശങ്കയും തുറന്നു പറഞ്ഞത്.

ആരോഗ്യം സംരക്ഷിക്കുകയാണ് സ്‌പോർട്‌സിന്റെ ലക്ഷ്യം. എന്നാൽ കായികരംഗം എന്താണോ ഉദ്ദേശിക്കുന്നത് അതിന് വിരുദ്ധമായ കാര്യമാണ് മരുന്നടിയിലൂടെ സംഭവിക്കുന്നത്. ഡോപ്പിങും സെലക്ഷൻരീതിയും ഇന്ന് കായികരംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. സെലക്ഷൻ രീതിയിൽ മാറ്റം വരണമെന്നതിന് ഉത്തമ ഉദാഹരണമാണ് അനുരാഘവന് സെലക്ഷൻ നിഷേധിച്ചത്. സ്പോർട്സ് രംഗത്തെ ചില ക്ലിക്കുകളുടെ ഇരയാണ് അനുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വി എസ് സർക്കാർ പാഠ്യപദ്ധതിയിൽ കായികം ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി സിലബസ് തയ്യാറാക്കുകയും അദ്ധ്യാപകർക്കായി കൈപ്പുസ്തകം ഏർപ്പാടാക്കുകയും ചെയ്‌തെങ്കിലും ഭരണ കാലാവധി കഴിഞ്ഞു. എന്നാൽ പിന്നീട് വന്ന യു ഡി എഫ് സർക്കാർ അത് നടപ്പാക്കിയില്ല. എന്തായിരുന്നാലും ഇത്തവണ സ്‌പോർട്‌സിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ശാസ്ത്രീയവും സമഗ്രവുമായ ഒരു പദ്ധതിയാണ് ലക്ഷ്യമാക്കുന്നത്. +2വരെയുള്ള കുട്ടികളെ കണക്കാക്കിയാണ് സിലബസ് തയ്യാറാക്കേണ്ടത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കായികവികസനത്തിന് ശ്രമം തുടരും. കായിക ക്ഷമതയിൽ നമ്മുടെ കുട്ടികൾ ഫിറ്റല്ലെന്നാണ് റിപ്പോർട്ട്. നിലവിൽ 20 ശതമാനം കുട്ടികൾക്കു മാത്രമാണ് കായിക ക്ഷമതയുള്ളതെന്നാണ് റിപ്പോർട്ട്.

ഇതിന് പരിഹാരം സ്പോർട്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതു മാത്രമാണ്. ഇതിന് മാർക്കു നിശ്ചയിച്ചാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അത് ഗൗരവമായി കാണും. സംസ്ഥാനത്ത് കായിക സർവ്വകലാശാല സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. വി എസ് സർക്കാറിന്റെ കാലത്ത് നിശ്ചയിച്ച പാണ്ഡ്യ കമ്മിഷന്റെ ഈ റിപോർട്ട് നടപ്പാക്കേണ്ടതുണ്ട്. ഏതെങ്കിലും ടൂർണ്ണമെന്റിന് പോകുമ്പോൾ മാത്രം ഡോക്ടർമാർ പിറകെ പോയാൽ പോര. അതിനാൽ സ്പോർട്സ് മെഡിസിൻ നടപ്പാക്കിയേ തീരൂ. കായിക പരിശീലകർക്കും വിദഗ്ധ പരിശീലനവും തുടർ കോഴ്‌സുകളും വേണം. ഒപ്പം സ്പോർട്സ് ജേർണലിസവും സ്പോർട്സ് സൈക്കോളജി കോഴ്‌സുകളും തുടങ്ങണം. കായികതാരങ്ങളുടെ ഭക്ഷണകാര്യത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാൻ ന്യൂട്രീഷൻ കോഴ്‌സും ഉൾപ്പെടുത്തണം. അങ്ങനെ സ്പോർട്സ് മാനേജുമെന്റ് അടക്കം എല്ലാം ഒരു കുടക്കീഴിൽ മുന്നോട്ടു നീക്കാൻ കായിക സർവ്വകലാശാല വളരെ അത്യാവശ്യമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

പരുക്കേറ്റ താരങ്ങൾ ചികിൽസയ്ക്കായും ജീവിക്കാനും കഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. എല്ലാ വിദ്യാലയങ്ങളിലും ഒരു ഫിസിക്കൽ എജ്യുക്കേഷൻ ആധ്യാപകരെങ്കിലും വേണമെന്നിരിക്കെ മിക്ക വിദ്യാലയങ്ങളിലും ഇങ്ങനെ ഒരു പോസ്റ്റ് തന്നെ ഇല്ലെന്നതാണ് സ്ഥിതി. ഉള്ള സ്‌കൂളിലാകട്ടെ വിരമിച്ചാൽ പകരക്കാർ ഉണ്ടാകുന്നുമില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സമീപനമില്ലാതെ സ്‌കൂളുകളിൽ സ്പോർട്സ് രംഗം മെച്ചപ്പെടില്ല. ഗ്രാമീണ മേഖലകളിൽ കായികം പ്രോൽസാഹിപ്പിക്കുന്നതിനായി ആരംഭിച്ച പൈക്ക പദ്ധതി തുടരുമെന്നും ജേതാക്കൾക്കുള്ള കിട്ടാനുള്ള കുടിശ്ശിക കേന്ദ്ര സർക്കാറുമായി ഉടൻ ബന്ധപ്പെട്ട് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പുനസ്സംഘടന ഉടൻ ഉണ്ടാവും. റിയോ ഒളിംപിക്‌സിൽ കേരളത്തിന് ചെറിയ മെഡൽ പ്രതീക്ഷയുണ്ട്. എന്നാൽ കേരളത്തിന് മെഡൽ പ്രതീക്ഷ ഇല്ലെന്ന നിലയ്ക്കുള്ള അഞ്ജു ബോബി ജോർജിന്റെ വാക്കുകൾ അവരെ ശപിക്കലായെന്നും ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു. ഒളിമ്പിക്‌സ് തുടങ്ങും മുമ്പേ, ഇവിടെ നിന്നും പുറപ്പെടുന്ന കായികതാരങ്ങൾക്ക് അവാർഡ് പ്രഖ്യാപിക്കാൻ ഉദ്ദേശമുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുവച്ചതായും അറിയിച്ചു.

സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് അഞ്ജു ബോബി ജോർജിന്റേതടക്കമുള്ളവരുടെ കഴിവ് ഉപയോഗപ്പെടുത്തുമെന്നും സഹകരിപ്പിക്കുന്നതിൽ പ്രശ്‌നങ്ങളില്ലെന്നും ടി പി ദാസൻ വ്യക്തമാക്കി.