- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ടിപി മാധവന് ആശ്വാസമായത് ഭൂമിയിലെ സ്വർഗ്ഗം തന്നെ; ആർക്കും വേണ്ടാത്ത നടനെ ഏറ്റെടുത്ത് ഗാന്ധി ഭവനും സോമരാജനും
പത്തനാപുരം: ഭൂമിയിലെ സ്വർഗ്ഗമാണ് പത്തനാപുരം ഗാന്ധിഭവൻ. അരോരുമില്ലാത്തവർക്ക് താങ്ങും തണലുമാകുന്ന ആശ്രയ കേന്ദ്രം. മലയാള സിനമിയിൽ അത്യുജ്വല വേഷങ്ങൾ പലത് ചെയ്ത പ്രമുഖ നടൻ ടി.പി.മാധവൻ ഇനി പത്തനാപുരം ഗാന്ധിഭവനാണ് ആശ്വാസം. കഴിഞ്ഞ ഒക്ടോബർ 23ന് ഹരിദ്വാർ സന്ദർശിക്കുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ഹരിദ്വാറിലെ ആശുപത്രിയിൽ ചികിത്സയ
പത്തനാപുരം: ഭൂമിയിലെ സ്വർഗ്ഗമാണ് പത്തനാപുരം ഗാന്ധിഭവൻ. അരോരുമില്ലാത്തവർക്ക് താങ്ങും തണലുമാകുന്ന ആശ്രയ കേന്ദ്രം. മലയാള സിനമിയിൽ അത്യുജ്വല വേഷങ്ങൾ പലത് ചെയ്ത പ്രമുഖ നടൻ ടി.പി.മാധവൻ ഇനി പത്തനാപുരം ഗാന്ധിഭവനാണ് ആശ്വാസം. കഴിഞ്ഞ ഒക്ടോബർ 23ന് ഹരിദ്വാർ സന്ദർശിക്കുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ഹരിദ്വാറിലെ ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം കേരളത്തിലെത്തി ചികിത്സ തുടരുകയായിരുന്നു. ബന്ധുക്കളുമായി അകലം പാലിച്ച മാധവൻ ബാക്കിയുള്ള ജീവിതം ആഘോഷമാക്കാൻ ഗാന്ധിഭവനെ തെരഞ്ഞെടുക്കുകയായിരുന്നു.
സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട്, സുജിൻലാൽ എന്നിവർക്കൊപ്പം ഗാന്ധിഭവനിലെത്തിയ അദ്ദേഹം ഇനി അവിടെ കഴിയാനാണിഷ്ടമെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ പോവുകയും ചെയ്യും. ശിഷ്ടകാലം ഹരിദ്വാറിൽ കഴിയണമെന്നാഗ്രഹിച്ചാണ് അങ്ങോട്ട് പോയത്. എന്നാൽ ഗാന്ധിഭവനുമായുള്ള അടുപ്പം അവിടെ ജീവിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
1970-80 കാലഘട്ടങ്ങളിൽ ഹിറ്റുകളായ പല മലയാളസിനിമകളുടേയും അഭിഭാജ്യഘടകങ്ങളിലൊന്നായ ടിപി മാധവന്റെ ദാമ്പത്യജീവിതം അത്രകണ്ട് ഹിറ്റായിരുന്നില്ല. ദാമ്പത്യജീവിതം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ വിവാഹമോചിതനാകുകയും ചെയ്തു. പിന്നീട് ഒറ്റയാൻ ജീവിതമായിരുന്നു സിനിമയിലും സ്വകാര്യജീവിതത്തിലും. പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാൻ തുടങ്ങിയതോടെ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലൻ പരിവേഷമാണ് നൽകിയത്. ടിപി മാധവൻ സാമ്പത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കൾ പോലും മുൻകോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് താമസം മാറ്റി.
തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു താമസം. വീട്ടുടമസ്ഥനുമായിട്ടുള്ള തർക്കം മൂലം വീടൊഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിലേക്ക് താമസം മാറ്റി. ശ്രീമൂലം ക്ലബ്ബിൽ രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ആയിരുന്നു ടിപി മാധവന്റെ ആശുപത്രികാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ജീവനക്കാരോടു വഴക്കിട്ടാണ് അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോകുകകയായിരുന്നു. പിന്നീട് നാഷണൽ ക്ലബ്ബിലായിരുന്നു താമസം. വീണ്ടും രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും ടിപിയുടെ മുൻകോപം കാരണം ചികിത്സ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. തുടർന്ന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ നിർദ്ദേശ പ്രകാരം ടിപിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി ചെലവുകൾ അടക്കം ടിപിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഇടവേളവാബുവും ഓഫീസ് മാനേജരും ചേർന്നായിരുന്നു. രണ്ടാഴ്ചയോളം കിംസിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും ചെയ്തു. എന്നാൽ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് കേൾക്കാതെ മാധവൻ ഹരിദ്വാറിലേക്ക് പോയത്. ഹരിദ്വാറിലെ മാധവന്റെ അസുഖ വിവരത്തോടെ സിനിമാ ലോകവും ബന്ധുക്കളും അനുകൂലമായി പ്രതികരിച്ചു. ബന്ധുക്കളും സിനിമാക്കാരും ചേർന്നാണ് വീണ്ടും ചികിൽസയ്ക്ക് തിരുവനന്തപുരത്തുകൊണ്ടു വന്നത്. ചികിൽസ ഫലപ്രദമായതോടെ മാധവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിന് ശേഷമാണ് ഗാന്ധിഭവനിലേക്കുള്ള വരവ്. കേരള സർവകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന എൻ.പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ടി.പി.മാധവൻ ജനിച്ചത്. 1960ൽ മുംബൈയിൽ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിൽ കുറച്ചുകാലം പ്രവർത്തിച്ചു. അതിനുശേഷം ബെംഗളൂരുവിൽ പരസ്യ കമ്പനിയിൽ പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്. ഇരുന്നൂറ്റമ്പതോളം സിനിമകളിലും ധാരാളം സീരിയലുകളിലും അഭിനയിച്ചു.
ഭൂമിയിലെ സ്വർഗ്ഗത്തേയാണ് ഗാന്ധിഭവൻ എന്നു പറയുന്നത്. സാക്ഷാൽ മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗാന്ധി ഭവൻ. ഏതെങ്കിലും ഒരു മതസംഘടന നടത്താത്ത കേരളത്തിലെ വിരലിൽ എണ്ണാൻ കഴിയുന്ന ആതുരാലയം ആയിരിക്കും ഇത്. അനാഥാലയങ്ങളും വയോധികമന്ദിരങ്ങളും അഗതിമന്ദിരങ്ങളും ഒക്കെ കണ്ടു പഠിച്ച നമുക്ക് ഗാന്ധിഭവനെ അത്തരം ഒരു ചട്ടക്കൂട്ടിലും പിടിച്ച് കെട്ടാൻ കഴിയില്ല. കാരണം ഗാന്ധിഭവൻ എല്ലാം കൂടിയാണ്. സമൂഹത്തിന് വേണ്ടാത്ത എല്ലാവർക്കും ഇവിടെ അഭയമുണ്ട്. വീട്ടുകാർ ഉപേക്ഷിച്ച വിധവകൾക്കും അഗതികൾക്കും വീട്ടുകാർ ഇല്ലാത്ത അനാഥർക്കും എണീറ്റ് നിൽക്കാൻ നിവൃത്തിയില്ലാത്ത രോഗികൾക്കും പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ ഉണങ്ങാത്ത മാരക രോഗികൾക്കും അച്ഛനാൽ ഗർഭിണിയാക്കപ്പെട്ട് നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പെൺകുട്ടികൾക്കും ഒക്കെ ഇവിടെ അഭയമുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവരും മാനസിക നിലക്ക് തകരാറ് സംഭവിച്ചവർക്കും ഒക്കെ ഗാന്ധി ഭവനിൽ ആശ്രയം ലഭിക്കും.
ആയിരത്തിൽ അധികം അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. അവർ ഏത് മതത്തിൽ ജനിച്ചവരോ അവർക്ക് ആ മതത്തിൽ തന്നെ ഇവിടെ പ്രാർത്ഥനകൾ നടത്താം. ഇവിടെ നടത്തുന്ന പ്രാർത്ഥനകൾ എല്ലാം സർവ്വമത പ്രാർത്ഥനകളാണ്. ഏത് മതസംഘടനകൾക്കും ഇവിടെ വന്ന് അവരുടെ പ്രാർത്ഥനകൾ ചൊല്ലാം. എല്ലാവരെയും എല്ലാ മതത്തേയും എല്ലാ വിശ്വാസങ്ങളേയും ആദരിക്കുന്ന ഒരു പ്രസ്ഥാനമാണിത്. രാഷ്ട്രത്തിനും രാഷ്ട്രീയ ശില്പികൾക്കും ആദരവ് നൽകുന്ന മഹാപ്രസ്ഥാനം. ഒരു ദിവസം ഇവിടെ വച്ച് വിളമ്പുന്ന ഭക്ഷണത്തിന്റെ ചെലവ് മാത്രം എടുത്താൽപ്പോലും ഇങ്ങനെ ഒരു പ്രസ്ഥാനം ആർക്കും ചിന്തിക്കാൻ കഴിയില്ല. അന്തേവാസികളും അതിഥികളുമായി 1500ൽ അധികം പേർക്കാണ് ദിവസവും ഇവിടെ വച്ച് വിളമ്പുന്നത്. അതും വിഭവ സമൃദ്ധമായ സദ്യ തന്നെ. ജീവിതത്തിൽ അവർക്ക് ആകെ വേണ്ടത് മൂന്നു നേരം ഭക്ഷണമായതുകൊണ്ട് അത് നന്നായി കൊടുക്കാൻ ഗാന്ധിഭവൻ പ്രതിജ്ഞാബദ്ധമാണ്.
ഈ ചെലവെല്ലാം എങ്ങനെ കണ്ടെത്തുന്നു എന്നു ചോദിച്ചാൽ നിസ്വാർത്ഥ സേവകരായ ഇതിന്റെ പ്രധാന നടത്തിപ്പുകാർ പുനലൂർ സോമരാജൻ വെളുക്കെ ചിരിക്കും ഒക്കെ ഈശ്വരൻ നടത്തുന്നു. സർക്കാരിന്റെ ലഭ്യമായ ഫണ്ടുകൾ ഒക്കെ ഇവിടെ ലഭിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഗാന്ധിഭവന് മുന്നോട്ട് പോകാൻ പറ്റില്ല. എന്നാൽ ലോകം മുഴുവനും നിന്നുള്ള മലയാളികൾ സഹായം നൽകുന്നു. ഒരിക്കൽ ഗാന്ധിഭവനിൽ എത്തുന്നവരൊക്കെ ഇവിടേക്ക് പിന്നീട് പണം അയക്കാറുണ്ട്. ഇങ്ങനെ സ്‌നേഹത്തിന്റെ കരുത്തിൽ മുന്നോട്ട് നീങ്ങുന്ന പ്രസ്ഥാനത്തിലേക്കാണ് ടിപി മാധവനുമെത്തുന്നത്.