സിപിഎമ്മിൽ നിന്ന് ആ പാർട്ടിയുടെ ജീർണതയെ വെല്ലുവിളിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ടി.പി. ചന്ദ്രശേഖരൻ. പുറത്താക്കപ്പെട്ട ചന്ദ്രശേഖരനെ 2012 മെയ്‌ നാലിന് സിപിഐ(എം) ക്രിമിനലുകൾ അതിദാരുണമായി കൊലപ്പെടുത്തി. ടി.പി.ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ നാലാം വാർഷികമാണ് നാളെ. തെരഞ്ഞെടുപ്പ് വേളയിൽ ടി.പി. ചന്ദ്രശേഖരന്റെ വധം കേരള സമൂഹത്തിനു മുന്നിൽ നിരവധി ചോദ്യങ്ങളുയർത്തുന്നു.

സ്വന്തം പാർട്ടിക്കുള്ളിൽ ടി.പി. ചന്ദ്രശേഖരന്റെ വധം മാസങ്ങളോളം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചശേഷം മലക്കംമറിഞ്ഞ വി എസ്. അച്യുതാനന്ദന്റെ നിലപാടുകൾ കേരളം കണ്ടു. ടി.പി. ചന്ദ്രശേഖരൻ വധത്തിനു ശേഷം ചേർന്ന സിപിഐ(എം). കേന്ദ്ര കമ്മറ്റിയിൽ ഈ വധത്തിനു പിന്നിൽ സംസ്ഥാന നേതൃത്വമാണെന്നാണ് തെളിവുകൾ നിരത്തി വി എസ്. അച്യുതാനന്ദൻ വാദിച്ചതും അതിനുശേഷമുള്ള സംഭവങ്ങളും കേരളം മറന്നിട്ടില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ വീട്ടിലെത്തി വി എസ്. അച്യുതാനന്ദൻ ആശ്വസിപ്പിച്ചതിന്റെ ചിത്രം കേരളത്തിന്റെ മനസിൽ ഇപ്പോഴുമുണ്ട്. ഈ നിലപാടുകളിൽ നിന്നെല്ലാം വി എസ്. അച്യുതാനന്ദൻ അധികാരത്തിനായി മലക്കം മറിഞ്ഞു.

പിണറായി വിജയനെ പുകഴ്‌ത്താൻ ധർമടത്തെത്തിയ വി എസ്. അച്യുതാനന്ദൻ കെ.കെ. രമയെ ഒന്നു കാണാൻപോലും കൂട്ടാക്കിയില്ല. താൽക്കാലിക തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി കെ.കെ. രമയേയും ടി.പി. ചന്ദ്രശേഖരന്റെ പാർട്ടിയേയും വി എസ്. അച്യുതാനന്ദൻ തള്ളിപ്പറഞ്ഞത് സിപിഐ(എം). അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി, രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളെ നൽകി കേസ് ഒത്തുതീർപ്പാക്കുന്ന രീതി അവസാനിപ്പിച്ച് യഥാർഥ പ്രതികളെ കണ്ടെത്തി അവർക്ക് ശിക്ഷ വാങ്ങിനൽകിയ കേസായിരുന്നു ടി.പി. ചന്ദ്രശേഖരൻ വധക്കേസ്.

ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഉന്നത രാഷ്ടീയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒന്നിലധികം തവണ യു.ഡി.എഫ്. സർക്കാർ കേന്ദ്രത്തിലെ ബിജെപി. സർക്കാരിന് കത്തയച്ചെങ്കിലും ഇതുസംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല. ഇതുതന്നെ എൽ.ഡി.എഫ്. ബിജെപി. ബാന്ധവത്തിന്റെ മറ്റൊരു ഉദാഹരണമല്ലേ.

ടി.പി. ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം സിപിഎമ്മിനെതിരേ കേരളത്തിൽ വലിയ ജനരോഷമാണ് ഉയർത്തിയത്. ആ ജനരോഷത്തിൽനിന്നും പാഠം പഠിക്കാൻ സിപിഐ(എം) തയാറായില്ല. അരിയിൽ ഷുക്കൂർ, കതിരൂർ മനോജ്, ഹരിപ്പാട് സനൽകുമാർ എന്നിവരെ കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ ക്രൂരതയുടെ മുഖം വീണ്ടും വെളിപ്പെട്ടു. കഴിഞ്ഞ ദിവസം നാദാപുരത്ത് നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് പരുക്കേറ്റ സിപിഎമ്മുകാരിൽ ചെറുപ്പക്കാരനായ ലിനീഷ് ഇന്നു രാവിലെ മരണപ്പെട്ടു. കലാപങ്ങളും അക്രമങ്ങളുമുണ്ടാക്കി ജനങ്ങളുടെ സ്വൈരജിവിതം തകർക്കാനുള്ള വ്യക്തമായ പദ്ധതിയുമായാണ് സിപിഐ(എം). മുന്നേറിക്കൊണ്ടിരിക്കുന്നത് എന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു.

ടി.പി. ചന്ദ്രശേഖരൻ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ നാലാം വാർഷിക ദിനത്തിൽ കൊലപാതക രാഷ്ട്രീയം എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്ന് സിപിഐ(എം). നേതൃത്വത്തോട് ഞാൻ ആവശ്യപ്പെടുന്നു. ഒപ്പം കൊലപാതക രാഷ്ട്രീയം മുഖമുദ്രയാക്കിയ സിപിഎമ്മിനെതിരേ മെയ് 16ന് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.