ന്യൂഡൽഹി: മലയാളി ഗോൾകീപ്പർ ടി.പി. രഹ്നേഷ് ഐ.എസ്.എൽ. ടീം ജംഷഡ്പുർ എഫ്.സിയിൽ തുടരുമെന്നു തീർച്ചയായി. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നു സ്വന്തമാക്കിയ രഹ്നേഷിന് മൂന്നു വർഷം കൂടി കരാർ നീട്ടി നൽകാൻ ജംഷഡ്പുർ തീരുമാനിച്ചു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച രഹ്നേഷ് കരിയറിലെ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ താരത്തിന് മികച്ച പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല.

ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുമ്പ് ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്നു. വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ.എൻ.ജി.സി എന്നീ ക്ലബുകൾക്കായും രഹ്നേഷ് ഗോൾ വല കാത്തിട്ടുണ്ട്.