തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിൽ കുറവു വന്നതായി സർക്കാരിന്റെ പക്കൽ യാതൊരു കണക്കുകളുമില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. 

മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വർധിച്ചതായും അദ്ദേഹം പഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്യ ഉപഭോഗം കുറയ്ക്കാൻ ലൈബ്രറി കൗൺസിലുകൾ വഴി ബോധവൽക്കരണം നിലവിൽ നടത്തുന്നുണ്ട്. ഇതിന് പുറമെ കലാ- സാസ്‌കാരിക മേഖലയെ ഉപയോഗിച്ച് സാധ്യമായ എല്ലാ പ്രചാരണങ്ങളും ഉണ്ടാകും. ഇതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മദ്യ വിൽപ്പനശാലകളുടെ കാര്യത്തിൽ സർക്കാർ നിയമവിധേയമായി മാത്രമെ പ്രവർത്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

പുതിയ മദ്യനയത്തിൽ സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ വിനോദസഞ്ചാരമേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങൾ പരിഗണിക്കുമെന്നും സുപ്രീംകോടതി വിധിക്കനുസിരിച്ച് പ്രവർത്തിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. മദ്യ ഉപഭോദം കുറയ്ക്കാൻ ബോധവൽക്കരണം ആവശ്യമാണെന്നും മദ്യ നിരോധനമല്ല മദ്യവർജനമാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നാം നിയമസഭയുടെ 60-ാം വാർഷികം പ്രമാണിച്ച് പഴയനിയമസഭാ ഹാളിലാണ് ഇന്ന് നിയമസഭ ചേരുന്നത്.