ആലപ്പുഴ: പട്ടണത്തിൽ മഹാമാരി കോവിഡ്-19 പ്രതിരോധ ശ്രമങ്ങളിൽ മനസും ശരീരവും സമർപ്പിച്ച പൊലീസിന്റെ പ്രതിനിധിക്കായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) സമ്മാനിക്കുന്ന ടിആർഎ കോവിഡ്-19 പോരാളി കീർത്തി മുദ്ര 2020 ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) വിഷ്ണു എൻ.എസിനു കൈമാറും.

തത്തംപള്ളി സിവൈഎംഎ ഹാളിൽ ഫെബ്രുവരി ഒൻപതിനു രാവിലെ 11-നു കോവിഡ്-19 പെരുമാറ്റ ചട്ടപ്രകാരം ചേരുന്ന ചെറുകൂട്ടായ്മയിൽ വാർഡ് കൗൺസിലർ കൊച്ചുത്രേസ്യാമ്മ ജോസഫ് കീർത്തി മുദ്ര കൈമാറും. ടിആർഎ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ അധ്യക്ഷത വഹിക്കും. ഫാമിൽ മാനേജിങ് ഡയറക്ടർ ജിനോ ജി. മാളിയേക്കൽ, സിവൈഎംഎ സെക്രട്ടറി ജിബു മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്കു സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ചിട്ടുള്ള ബഹുമതിയായ കോവിഡ് വാറിയർ പതക്കത്തിനു ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസരുടെ പേരു ടിആർഎ ശുപാർശ ചെയ്യുമെന്നു പ്രഖ്യാപിച്ചതിനോടു ചേർന്നാണ് പോരാളി മുദ്ര (കോവിഡ്-19 ഫൈറ്റർ ലോറൽ മെഡൽ) സമ്മാനിക്കുന്നത്. ഇതൊടൊപ്പം പൊലീസ് പതക്കത്തിനാവശ്യമായ തുക കൈമാറുകയും ചെയ്യും. കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ പൊലീസുകാരെയും പ്രതിനിധീകരിച്ച് പ്രോത്സാഹനാർഥമാണ് നടപടി.

കോവിഡ് കാലത്ത് ടിആർഎ പ്രദേശത്ത് നടത്തുന്ന പൊലീസ് ബീറ്റ് പ്രവർത്തനങ്ങളെ അംഗീകരിച്ചാണ് പ്രാതിനിധ്യാടിസ്ഥാനത്തിൽ ഒരാൾക്ക് പോരാളി മുദ്ര നല്കുന്നത്. സ്തുത്യഹർമായ സേവനം അനുഷ്ഠിക്കുന്നവർക്കെല്ലാം കൂടിയുള്ള സ്നേഹ സമ്മാനമാണിത്.

പൊലീസ് കോൺസ്റ്റബിൾ 2009 ബാച്ചിൽപ്പെട്ട വിഷ്ണു എൻ.എസ് ഇതിനകം ജില്ലാ പൊലീസ് മേധാവിയുടെ 17 ഗുഡ് സർവീസ് എൻട്രികളും ഒരു അപ്രീസിയേഷൻ ലെറ്ററും നേടിയിട്ടുണ്ട്. എആർ ക്യാമ്പ്, ട്രാഫിക് എന്നിവിടങ്ങളിൽ മുൻപ് പ്രവർത്തിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗൺമാനായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറി എത്തും മുൻപ് മാരാരിക്കുളം, ആലപ്പുഴ സൗത്ത് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം ജില്ലകളിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് 2017 മുതൽ മുപ്പതോളം മാല പൊട്ടിച്ചെടുക്കൽ കേസുകളിലെ രണ്ടു പ്രതികളെ വലയിലാക്കിയ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ 916 പ്രത്യേക സംഘം, മുല്ലയ്ക്കലിൽ ജൂവലറി കവർച്ച നടത്തിയവരെ പിടികൂടിയ സംഘം തുടങ്ങിയവയിൽ അംഗമായിരുന്നു. മണ്ണഞ്ചേരി ബൈക്ക് മോഷണം, ആലപ്പുഴയിൽ വിലകൂടിയ പൂച്ചകളുടെ മോഷണം തുടങ്ങിയ പല കേസുകളിലെയും പ്രതികളെ പിടികൂടാൻ മുഖ്യപങ്കു വഹിച്ചു. ടിആർഎയുടെ അഭിമുഖ്യത്തിൽ പൊലീസ് പട്രോളിംഗിനെ സഹായിക്കുന്നതും സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതുമായ ടിആർഎ-പൊലീസ് ഡിജിറ്റൽ ബീറ്റ് ബുക്കിൽ അംഗമാണ്.

ഇതേസമയം, ആലപ്പുഴയിൽ മഹാമാരി കോവിഡ്-19-യുടെ പ്രതിരോധ ശ്രമങ്ങളിൽ ആഴ്ന്നിറങ്ങിയവർക്കായുള്ള ടിആർഎ-ഫാമിൽ കോവിഡ്-19 മനുഷ്യസ്നേഹി പുരസ്‌ക്കാരം നേരത്തേ സമ്മാനിച്ചിരുന്നു. മെഡിക്കൽ ഓഫീസർ ഡോ.ശരത് ചന്ദ്രബോസ്, സ്റ്റാഫ് നഴ്സ് എ.ആമിന, വെബ് ഡെവലപ്പർ ഷാർവിൻ ഷാജി, അഗ്രോണൊമിസ്റ്റ് എ.വി.സുനിൽ എന്നിവർക്കായിരുന്നു പുരസ്‌ക്കാരം കൈമാറിയത്.