വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കാത്തവരും ഇനി കരുതലെടുത്തോളൂ. നിയമം ലംഘിച്ചാൽ അധികൃതരുടെ പിടിവീഴും. ഇത്തരം ലംഘനങ്ങൾ ഒപ്പിയെടുക്കാൻ ശേഷിയുള്ള പുതിയ ക്യാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തയ്യാറെടുക്കുന്നു.

സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന പെരുമാറ്റങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ലംഘകരെ കണ്ടെത്താൻ തന്ത്രപരമായ ലൊക്കേഷനുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്.

ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ തൽഅ പദ്ധതിയുടെ കീഴിലാണ് പുതിയ നീക്കം. തെറ്റായ തരത്തിൽ വാഹനങ്ങളെ മറികടക്കൽ, അമിത വേഗം, റെഡ് സിഗ്‌നൽ മറികടക്കൽ തുടങ്ങിയ എല്ലാത്തരം ഗതാഗത ലംഘനങ്ങളും ക്യാമറകൾ ഒപ്പിയെടുക്കും. നിയമലംഘകർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുക.