റോഡ് സുരക്ഷ പാലിക്കുന്നതിന് നിയമങ്ങൾ കർശനമാക്കുന്ന നിയമത്തിന് കേന്ദ്രസർക്കാർ. അമിത വേഗത, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, ട്രാഫിക് സിഗ്നൽ മറികടക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കർശന ശിക്ഷയാകും ഇനി ലഭിക്കുക.

റോഡ് സുരക്ഷാ നിയമങ്ങളിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തുന്ന നിർദ്ദേശങ്ങൾ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിമാർ അംഗീകരിച്ചു. കുറ്റക്കാരുടെ ലൈസൻസ് തത്സമയം റദ്ദാക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് നിയമത്തിൽ കൊണ്ടുവരുന്നത്. കുറ്റക്കാർക്ക് ആദ്യഘട്ടത്തിൽ ലഘുശിക്ഷയും തെറ്റാവർത്തിച്ചാൽ കടുത്ത ശിക്ഷയുമാണ് നിയമം വിഭാവനം ചെയ്യുന്നത്.

സുരക്ഷ സംബന്ധിച്ച നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകാതെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതും റോഡ് സുരക്ഷ പാലിക്കാത്തതുമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന പരസ്യങ്ങളും സിനിമകളും ടിവി പരമ്പരകളും എത്രയും വേഗം പിൻവലിക്കാനും സമിതി തീരുമാനിച്ചു.

ആദ്യഘട്ടത്തിൽ കുറ്റം വരുത്തുന്നവർക്ക് 5000 രൂപ പിഴയും ആറുമാസം ജയിൽ വാസവുമാണ് ശിക്ഷ, കുറ്റം ആവർത്തിക്കുകയാണെങ്കിൽ ജയിൽശിക്ഷ രണ്ടുവർഷത്തേതാകും. ഒപ്പം 10000 രൂപ പിഴയും. വാഹനാപടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്തവർക്കും ശിക്ഷ നൽകുന്ന നിർദ്ദേശം പുതിയ നിയമത്തിലുണ്ട്. ആറുമാസം തടവും രണ്ടായിരം രൂപ പിഴയുമാണ് അത്തരം തെറ്റുകൾക്ക് ലഭിക്കുക.

ഇൻഷുറൻസ് ഇല്ലാത്ത വാഹനമോടിച്ചാൽ 2000 രൂപ പിഴയും മൂന്നുമാസം തടവും ലഭിക്കും. ഇത്തരം വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും സമിതി നിരീക്ഷിച്ചു. വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച് വീഴ്ചവരുത്തുന്ന ഡീലർമാർക്കും നിർമ്മാതാക്കൾക്കും 5000 മുതൽ ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.