മാനിൽ ഗതാഗത നിയമഭേദഗതിക്ക് അംഗീകാരം ലഭിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഈദ് ആണ് അംഗീകാരം നൽകിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷ നൽകണമെന്ന നിർദ്ദേശത്തോടെയാണ് പുതിയ നിയമ ഭേഭഗതി പാസായിരിക്കുന്നത്. റോയൽ ഡിക്രി 38/2016 പ്രകാരമാണ് നിലവിലെ നിയമത്തിന്റെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.

ഡ്രൈവിങ് സമയത്തെ മൊബൈൽ ഉപയോഗത്തിന് കനത്ത ശിക്ഷയാണ് ഇനി മുതൽ നടപ്പാക്കുക. പിടിക്കപ്പെട്ടാൽ രണ്ടു വർഷം വരെ ജയിൽ തടവും 300 റിയാൽ വരെ പിഴയും ഒടുക്കേണ്ടി വരും. മൊബൈൽ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളും അപകട സാധ്യതകളും വിലയിരുത്തിയാകാം തടവിന്റെ ദൈർഘ്യം. നിലവിൽ പിഴ മാത്രമാണ് ശിക്ഷയായി നൽകുന്നത്. എന്നിട്ടും നിയമ ലംഘനങ്ങളിൽ കുറവില്ലാത്ത സാഹചര്യത്തിലാണ് ശിക്ഷ കടുപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

വാഹനാപകടങ്ങളെ ഇനി മുതൽ രണ്ടു രീതിയിൽ വേർതിരിക്കും. ബോധപൂർവ്വമുള്ള അപകടമെന്നും അശ്രദ്ധ മൂലമുള്ള അപകടമെന്നും. ഇതിന്റെ അടിസ്ഥാനത്തിലാകും നടപടികളെടുക്കുക. അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുന്ന പക്ഷം 2000 റിയാൽ പിഴയും മൂന്നുമാസം മുതൽ ഒരു വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. പരിക്കിന്റെ അവസ്ഥ വച്ചായിരിക്കും ജയിൽശിക്ഷ എത്ര വേണമെന്നതിൽ തീരുമാനമാവുക.

വാഹനാപകടങ്ങളിൽ രാജ്യത്ത് ഒരു ദിവസം ശരാശരി രണ്ടുപേർ മരിക്കുന്നതായാണ് ജൂൺ അവസാനം വരെയുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വ്യക്തമാവുന്നത്. പറയുന്നത്. 219 സ്വദേശികളും 117 വിദേശികളുമാണ് ജൂൺ അവസാനം വരെയുള്ള അപകടങ്ങളിൽ മരിച്ചത്. ഇതു കൂടാതെ പരിക്കേറ്റവരുടെ എണ്ണം 1410 ആയി. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതിയുമായി ഗതാഗത മന്ത്രാലയം എത്തിയത്.