വാഹനപ്പെരുപ്പം മൂലം ഗതാഗതപ്രശ്‌നങ്ങൾ രൂക്ഷമായ കുവൈറ്റിൽ സ്‌കൂളുകൾ തുറന്നതോടെ ഗാതഗാതകുരുക്കിൽ വീർപ്പുമുട്ടുന്നു.സ്‌കൂൾ സമയവും മിക്ക ഓഫിസുകളുടെയും പ്രവർത്തന സമയവും ഒരുപോലെയായതിനാൽ രാവിലെ രാജ്യത്തെ പ്രധാന റോഡുകളിലെല്ലാം അഴിയാത്ത ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. സ്‌കൂൾ, ഓഫീസ് പ്രവർത്തന സമയം അവസാനിക്കുന്ന ഉച്ചക്കുശേഷവും ഇതുതന്നെയാണ് അവസ്ഥ. ഒമ്പതുദിവസത്തെ അവധി കഴിഞ്ഞ് സർക്കാർ ഓഫിസുകളും ഞായറാഴ്ച മുതൽ സജീവമായത് തിരക്ക് വർധിപ്പിച്ചു.

വാഹനപ്പെരുപ്പമാണ് കുവൈത്തിലെ ഗതാഗത പ്രശ്നത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1,925,168 വാഹനങ്ങളാണ് കുവൈത്തിൽ ഉള്ളത്. ഇതിൽ 1,552,738 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. ഇവ കൂടാതെ 245,626 പിക്കപ്പ് വാഹനങ്ങളും 28,722 ബസ്സുകളും 17,458ടാക്സികളും നിരത്തിലോടുന്നുണ്ട്. ഓരോ 366 സിവിലിയൻ വാഹനത്തിനും ഒരു പൊലീസ് കാർ എന്ന തോതിൽ. ട്രാഫിക് വിഭാഗം സേവനത്തിനും ഗതാഗത നിയന്ത്രണത്തിനും ആയി പ്രവർത്തിക്കുന്നു ണ്ടെങ്കിലും സ്‌കൂൾ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. ഓരോ വർഷവും വർധിച്ചു വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വിദ്യാലയങ്ങളുടെ പ്രവൃത്തിസമയം മാറ്റണമെന്ന നിർദ്ദേശം നേരത്തേ ഉയർന്നിരുന്നു. രാവിലെ 7.30ന് ആരംഭിക്കുന്ന സ്‌കൂൾ പ്രവൃത്തി സമയം 6.45 ആക്കുകയും കോളജുകളുടേതു ഒമ്പതുമണി മുതലാക്കുകയും ചെയ്യണമെന്നാണ് നിർദ്ദേശം. സ്‌കൂൾ, കോളജ്, ഓഫിസ് എന്നിവ ഈ സമയത്ത് ആരംഭിക്കുന്നതിലൂടെ തിരക്ക് കുറക്കാൻ കഴിയുമെന്നാണ് നിർദ്ദേശം മുന്നോട്ടു വച്ചവർ ചൂണ്ടിക്കാട്ടുന്നത്