റിയാദ്: രാജ്യത്ത് ദിനം പ്രതി നടക്കുന്ന വാഹനാപകട  കേസുകളും  മറ്റ് ഗതാഗത നിയമലംഘനങ്ങള കേസുകളും ഇനി വേഗത്തിൽ തീർപ്പാകും. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോടതികൾ രണ്ടാഴ്ചക്ക് ശേഷം നിലവിൽ വരുന്നതോടെയാണ് കേസുകൾ വേഗത്തിൽ തീർപ്പാകുന്നത്. ഇതിന്റെ ഭാഗമായുള്ള കോടതികളേയും ട്രാഫിക് വകുപ്പിനേയും ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി.പ്രത്യേക ട്രാഫിക് കോടതികൾ നിലവിൽവരുമെന്നും സൗദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

റോഡപകടങ്ങളിൽ പെടുന്ന വിദേശികൾക്ക് കേസുകളിൽ തീർപ്പാവാതെ നാടുവിടാൻ കഴിയാതെ കഴിയുന്നതിന് ഇതോടെ പരിഹാരമാകും. ഇത്തരത്തിൽ ധാരാളം വിദേശികൾ നാടണയാൻ കഴിയാതെ സൗദിയിൽ തുടരുന്നുണ്ട്. റോഡപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനും മറ്റും പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതോടെ ഇതിന് പരിഹാരമുണ്ടായേക്കും.

റോഡപകടങ്ങൾ മൂലമുള്ള കേസുകളായിരിക്കും പ്രത്യേക കോടതികളിൽ പ്രധാനമായും കൈകാര്യം ചെയ്യുക. നിയമലംഘനങ്ങൾക്കും മറ്റും ട്രാഫിക് വിഭാഗം ചുമത്തുന്ന പിഴകൾക്കെതിരേ സമർപ്പിക്കുന്ന ഹർജികളിലും പ്രത്യേക കോടതികൾ തീർപ്പുകൽപ്പിക്കും. കാമറകൾ സ്ഥാപിച്ച് നിയമലംഘനങ്ങൾ കണെ്ടത്തുന്നതിനായി ട്രാഫിക് വകുപ്പ് നടപ്പാക്കിയ സാഹിർ സംവിധാനങ്ങൾക്കെതിരേയും പ്രത്യേക കോടതിയിൽ ഹരജി സമർപ്പിക്കാൻ അവകാശമുണ്ടായിരിക്കും.

പ്രത്യേക കോടതിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.  രാജ്യത്തെ കോടതികളിൽ വാഹനാപകടങ്ങൾ ഉൾപ്പെടെ ധാരാളം ട്രാഫിക് കേസുകൾ കെട്ടികിടക്കുകയാണ്.