ദോഹ: സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കും ഇടയിലുള്ള ട്രാഫിക് ബോധവത്ക്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. ഓരോ സ്‌കൂളിലും ട്രാഫിക് സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ബോധവത്ക്കരണം നടത്തുന്നത്. എല്ലാ സ്‌കൂളുകളിലും ഖത്തർ യൂണിവേഴ്‌സിറ്റിയിലുമുള്ള കുട്ടികൾ മുഴുവൻ ബോധവത്ക്കരണത്തിൽ പെടുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ട്രാഫിക് നിയമങ്ങൾ, ട്രാഫിക് നിയമങ്ങളുടെ ലംഘനം, ട്രാഫിക് അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, റോഡിൽ പാലിക്കേണ്ട മര്യാദകൾ എന്നിവ ട്രാഫിക് ബോധവത്ക്കരണത്തിൽ ഉൾപ്പെടുന്നു. ആദ്യഘട്ട ബോധവത്ക്കരണം അടുത്ത ജനുവരി ഒന്നു വരെ നീണ്ടു നിൽക്കുമെന്നാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിക്കുന്നത്.

ബോധവത്ക്കരണത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി പത്തു മുതൽ മെയ്‌ പത്തുവരെ നീണ്ടു നിൽക്കുന്നതായിരിക്കും. ഈ ഘട്ടത്തിൽ റുമൈലാ ആശുപത്രി സന്ദർശനം, ഡ്രൈവിങ് സ്‌കൂൾ സന്ദർശനം തുടങ്ങിയ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിറ്റി പൊലീസിന്റെ സഹായത്തോടെയാണ് ഈ പദ്ധതി ഡിപ്പാർട്ട്‌മെന്റ് നടപ്പാക്കുന്നത്.