ദോഹ: മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്നതുൾപ്പടെ ഖത്തറിലെ ഗതനിയമലംഘനങ്ങൾക്കുള്ള പുതിയ നടപടി പട്ടിക പ്രസിദ്ധീകരിച്ചു. ഗതാഗത നിയമ പരിഷ്‌കരണപ്രകാരം ഏതൊക്കെയാണ് നിയമലംഘനങ്ങൾ എന്നും അവയ്ക്ക് ഈടാക്കുന്ന പിഴ സംബന്ധിച്ചുമുള്ള പൂർണവിവരങ്ങളാണ് വകുപ്പ് പ്രസിദ്ധീകരിച്ചത്.

മുന്നൂറു റിയാൽ മുതൽ 6000 റിയാൽ വരെ പിഴ ഈടാക്കാവുന്ന 30 ഗതാഗത നിയമലംഘനങ്ങളുടെ പട്ടികയാണ് ഇതിലുള്ളത്.ഇതിൽ മൂന്നെണ്ണത്തിനു വാഹനം പിടിച്ചെടുക്കാനും ട്രാഫിക് അധികൃതർക്ക് അനുമതിയുണ്ട്. ചില കുറ്റങ്ങൾക്കു ഡ്രൈവിങ് പോയിന്റുകളും നഷ്ടപ്പെടും. മദ്യപിച്ചു വാഹനമോടിക്കുക, വഴിയാത്രക്കാരോടും ഇതര വാഹനങ്ങളിലുള്ളവരോടും അസഭ്യമായി സംസാരിക്കുകയോ അശ്ലീല ആംഗ്യങ്ങൾ കാട്ടുകയോ ചെയ്യുക, അപകടമുണ്ടാക്കി കടന്നുകളയുക എന്നീ കുറ്റങ്ങൾക്കാണു വാഹനം പിടിച്ചെടുക്കുക. വാഹനം ഓടിക്കുമ്പോൾ സംസാരിക്കുന്നതും വീഡിയോ കാണുന്നതും പുതുതായി നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചുവപ്പു സിഗ്നൽ അവഗണിക്കുന്നതിനാണു പരമാവധി പിഴ. 6000 റിയാൽ പിഴയ്‌ക്കൊപ്പം ഏഴു ഡ്രൈവിങ് പോയിന്റുകളും നഷ്ടപ്പെടും. അതായത്, ഒരു വർഷം രണ്ടുതവണ ചുവപ്പു സിഗ്നൽ തെറ്റിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. പൊലീസിന്റെ നിർദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കും സമാനമായ ശിക്ഷയാണു ലഭിക്കുക.

വൺവേ തെറ്റിച്ചു വാഹനമോടിച്ചാൽ 6000 റിയാൽ പിഴയ്‌ക്കൊപ്പം ആറു ഡ്രൈവിങ് പോയിന്റുകളും നഷ്ടമാകും. ഡിവൈഡറുകൾ മുറിച്ചുകടന്ന് യു ടേൺ എടുക്കുന്നവർക്കും 6000 റിയാലാണു പിഴ. ഒപ്പം മൂന്നു ഡ്രൈവിങ് പോയിന്റുകളും പോകും.

പൊലീസ് വാഹനങ്ങളും ആംബുലൻസുകളും തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചാൽ 500 റിയാൽ പിഴയൊടുക്കേണ്ടിവരും. പത്തുവയസ്സിൽ താഴെയുള്ള കുട്ടിയെ മുൻസീറ്റിലിരുത്തി വാഹനമോടിച്ചാലും 500 റിയാൽ പിഴയടയ്ക്കണം. ചെറിയ അപകടത്തിനുശേഷം വാഹനംസംഭവസ്ഥലത്തുനിന്നു നീക്കാതെ ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് 1000 റിയാലാണു പിഴ.