ദോഹ: ട്രാഫിക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയിൽ 50 ശതമാനം ഇളവ് വരുത്തിയതിന്റെ കാലയളവ് നീട്ടുന്നത് പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ്. 

നിലവിലെ കാലാവധി ഏപ്രിൽ എഴിന് അവസാനിക്കാൻ ഇരിക്കെയാണ് ഈ വിഷയം വകുപ്പ് വീണ്ടും പരിഗണിക്കുന്നത്. കൃത്യമായ പഠനത്തിന്റെയും ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

ഈ വർഷം ജനുവരി 8 നാണ് ട്രാഫിക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയിൽ 50 ശതമാനം ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. 2015 ഡിസംബർ 31 വരെയുള്ള വിവിധ കേസുകളിൽ ശിക്ഷ ലഭിച്ചവർക്കായിരുന്നു ഈ ഇളവ് ലഭ്യമാവുന്നത്. ഉയർന്ന പിഴകൾ ശിക്ഷയായി ലഭിച്ചവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ ഇളവ്.

സിഗ്നൽ മുറിച്ചു കടക്കുന്നതിലും ഇളവ് ലഭിച്ചിരുന്നു. എങ്കിലും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 130,000 നിയലംഘനങ്ങളിൽ 87,000 വും റഡാർ വഴിയായിരുന്നു.