ദോഹ: ഇനി അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇൻഷ്വറൻസ് ലഭിക്കാനുണ്ടാകുന്ന കാലതാമസം ഒഴിവായേക്കും. ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ഗതാഗതവകുപ്പ് വാഹന ഇൻഷുറൻസ് കമ്പനികളുമായി കരാറായി. ഗതാഗതവകുപ്പിൽ നിന്നുള്ള രേഖകൾ ഇൻഷുറൻസ് കമ്പനിക്കു കൈമാറുന്നതിലുള്ള താമസം ഒഴിവാക്കാൻ ഇലക്‌ട്രോണിക് സംവിധാനമാണ് ഏർപ്പെടുത്തിയത്.

അപകടത്തിന്റെ വിവരങ്ങൾ ഇൻഷുറൻസ് കമ്പനിയിലേക്ക് എസ്എംഎസ് വഴിയായി ഗതാഗതവകുപ്പ് അയച്ചു കൊടുക്കും. അപകടത്തിൽ പെട്ട കാറിന്റെ ഉടമയ്ക്കും ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടു വാഹനം നന്നാക്കാനുള്ള നടപടി സ്വീകരിക്കാൻ സന്ദേശം ലഭിക്കും. നേരത്തേ ഗതാഗത വകുപ്പിൽ നിന്നുള്ള രേഖകൾ ലഭിച്ചശേഷം അതുമായി ഇൻഷുറൻസ് ഓഫിസിലെത്തിയാലേ അവിടെ നടപടികൾ ആരംഭിക്കൂ. ഈ സംവിധാനത്തിനാണു മാറ്റം വരുന്നത്.

ട്രാഫിക് പട്രോളിങ്, ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ അസീസ് ബിൻ ജാസിം അൽതാനിയും വിവിധ ഇൻഷുറൻസ് കമ്പനി ഡയറക്ടർമാരുമായി നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ചു കരാറായത്. പേപ്പർ രഹിത ഇലക്‌ട്രോണിക് സംവിധാനത്തിലേക്കു നടപടി ക്രമങ്ങൾ മാറുന്നതോടെ വാഹന ഉടമകളുടെ സമയവും അധ്വാനവും ലാഭിക്കാനാകും.