ദോഹ: ഖത്തറിൽ ചെറിയ ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവ റോഡിലിറക്കുന്നതിന് ട്രാഫിക് ലൈസൻസ് നിർബന്ധമാക്കി. ഇതുസംബന്ധിച്ച കരട് നിയമം മന്ത്രിസഭ അംഗീകരിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയായി.ഇതോടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി ട്രാഫിക് ലൈസൻസ് ലഭിച്ച വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാൻ പാടൂള്ളൂ. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് പുതിയ നിയമം അംഗീകരിച്ചത്.

50 സെന്റിമീറ്റർ മൂന്നു സിസി മോട്ടോർബൈക്കുകൾ ഒഴിച്ചുള്ളവയ്ക്കാണ് ട്രാഫിക് ലൈസൻസ് നിർബന്ധമാക്കിയത്. ഒരു വർഷമായിരിക്കും ലൈസൻസിന്റെ കാലാവധി. എന്നാൽ പുതിയ സ്വകാര്യ കാറുകളുടെ ലൈസൻസ് കാലാവധി മൂന്നുവർഷമായിരിക്കും.

മന്ത്രാലയങ്ങൾ, മറ്റു സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, നയതന്ത്രകാര്യാലയങ്ങൾ, ഇന്റർനാഷണൽ ആൻഡ് റീജ്യണൽ ഓർഗനൈസേഷനുകൾ, സ്പോർട്സ് ക്ലൂബ്ബുകൾ, ഫെഡറേഷനുകൾ, മന്ത്രിയുടെ തീരുമാനം ബാധകമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് ലൈസൻസിന്റെ കാലാവധി രണ്ടു വർഷമായിരിക്കും.

വിൽപ്പനയ്ക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കർ പതിച്ച് കാറുകൾ ഗ്രൗണ്ടിലോ പാർക്കിങ് സ്ഥലങ്ങളിലോ റോഡരികിലോ ഇടുന്നതിന് അധികൃതരുടെ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമൊബൈൽ ഷോറൂമുകളും കാറുകൾ ലേലത്തിൽ വിൽക്കുന്നവരും റോഡരികിലും പൊതുസ്ഥലത്തും വിൽപ്പനയ്ക്കുള്ള കാറുകൾ ഇടുന്നതിനും സമാനമായ രീതിയിൽ അനുമതി വാങ്ങണമെന്ന് നിയമം നിർദേശിക്കുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ലൈസൻസിങ് അഥോറിറ്റി വാഹനങ്ങൾ നീക്കി പിഴ ഈടാക്കുന്നതായിരിക്കും.