റോം: വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാൻ പുതിയ നടപടികളുമായി ഇറ്റലി. രാജ്യത്തെ വൻ നഗരങ്ങളായ റോമിലും മിലാനിലും കാറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ ട്രാഫിക് സ്പീഡ് മണിക്കൂറിൽ 20 കിലോമീറ്ററാക്കാൻ നിർദ്ദേശം. ഇതുസംബന്ധിച്ച് നടപടികൾ നടപ്പിലാക്കാൻ ലോക്കൽ അഥോറിറ്റികളെ സർക്കാർ അധികാരപ്പെടുത്തി. കൂടാതെ ഓഫീസ് ഹീറ്റിങ് രണ്ടു ഡിഗ്രി കുറയ്ക്കാനും നിർദേശമുണ്ട്.

ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പൊടിപടലങ്ങളുടെ സാന്നിധ്യം അനുവദനീയമായ അളവിലും വർധിച്ചതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി പഴക്കം ചെന്ന ബസുകൾ നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്. പഴയ ബസുകൾക്കു പകരം പുതിയ ബസുകൾ വാങ്ങാൻ ലോക്കൽ അഥോറിറ്റികൾക്ക് 12 മില്യൺ യൂറോയുടെ ധനസഹായവും പരിസ്ഥിതി മന്ത്രി ഗ്യാൻ ലൂക്കാ ഗലേട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങൾക്കു പകരം പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നതിന് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ നിരക്കിൽ ഡെയ്‌ലി പാസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം നിമിത്തം 2012-ൽ ഇറ്റലിയിൽ  ഒട്ടേറെ മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് യൂറോപ്യൻ എൻവയോൺമെന്റ് ഏജൻസിയുടെ റിപ്പോർട്ട്.