കുവൈറ്റ്‌സിറ്റി: ഗതാഗതനിയമ ലംഘനത്തിന് ഓൺലൈൻ വഴി പിഴ അടയ്ക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം. ഇന്നു മുതൽ ഒരു മാസത്തേക്കാണ് ഓൺലൈൻ വഴി പിഴയടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പിഴ അടയ്ക്കുന്നതിന് ഓഫീസിൽ നേരിട്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇതുവഴി ഒഴിവാക്കാമെന്നും മന്ത്രാലയം വെളിപ്പെടുത്തി.

2015-ലെ നിയമലംഘനങ്ങൾക്കാണ് ഓൺലൈൻ വഴിയുള്ള പിഴയടയ്ക്കുന്നതിന് സൗകര്യമുണ്ടാകുക. ഓൺലൈൻ വഴിയല്ലാതെയും പിഴ അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ഗതാഗതവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ മുഹന്ന വ്യക്തമാക്കി.

കൂടാതെ കഴിഞ്ഞ കൊല്ലത്തെ ഗതാഗത നിയമലംഘന ശിക്ഷകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇന്ന് അവസാനിക്കുമെന്ന് ഗതാഗതകാര്യമന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ മുഹന്ന അറിയിച്ചു. ഒരുമാസത്തേക്കാണ് നിരോധനം നീക്കുന്നത്. ഇക്കൊല്ലം ഗതാഗത നിയമങ്ങൾ ലംഘിച്ച പ്രവാസികൾ ഈ ഗണത്തിൽ വരികയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.