ട്രാഫിക് പിഴകൾക്ക് ഇളവ് നൽകുന്ന കാലാവധി ഡിസംബർ 2 മുതൽ ജനുവരി 2 വരെ നീട്ടുവാൻ ഉം അൽ ഖുവൈൻ ട്രാഫിക്ക് പൊലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ട്രാഫിക്ക് പിഴകൾക്ക് 50 ശതമാനം ആനുകൂല്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 2 മുതൽ ജനുവരി 2 വരെയാണ് ഇളവ് ആനുകൂല്യം ലഭ്യമാവുക. രജിസ്‌ട്രേഷൻ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്ക് പിഴയടയ്ക്കാനും കാർഡ് പുതുക്കി എടുക്കാനുമുള്ള അവസരമാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നത്. ഉം അൽ ഖുവൈൻ ട്രാഫിക്ക് പൊലീസ് നൽകുന്ന പിഴകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുക.

എന്നാൽ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങളുടെ പിഴയിൽ ഇളവ് ലഭിക്കില്ല. മണിക്കൂറിൽ 160 കിലോമീറ്ററിൽ അധികം വേഗതയിൽ വാഹനം ഓടിക്കുക, റേസിങ്, റെഡ് ലൈറ്റ് അവഗണിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഇളവില്ലാതെ പിഴ അടക്കണം. അമിതവേഗത, മറ്റ് ട്രാഫിക്ക് നിയമലംഘനങ്ങൾ എന്നിവയ്ക്കുള്ള പിഴ രാജ്യത്തെ ഏത് സർവ്വീസ് സെന്ററിലും അടയ്ക്കാനാകും. കൂടുതൽ പേർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കുവാൻ ലക്ഷ്യമിട്ടാണ് കാലാവധി ജനുവരി 2 വരെ നീട്ടിയിരിക്കുന്നത്. ഒക്ടോബർ 18 മുതൽ നൽകി വന്ന ആനുകൂല്യം നിരവധി പേർ പ്രയോജനപ്പെടുത്തിയതായി ട്രാഫിക്ക് ആൻഡ് പെട്രോൾ വിഭാഗം അറിയിച്ചു.