ദോഹ: വർധിച്ച ട്രാഫിക് കുരുക്ക് ആളുകളെ പുറത്തിറക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമ്പോൾ ഓൺലൈൻ ഷോപ്പിങ് സ്ഥാപനങ്ങൾക്ക് ചാകര. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് റോഡുകളിൽ തിരക്ക് വർധിച്ചതോടെ ഷോപ്പിംഗിനായും മറ്റും പുറത്തിറങ്ങാൻ വിമുഖത കാട്ടുകയാണ് ഒരു വിഭാഗം ആൾക്കാർ. അവർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ.

ഭൂരിഭാഗം പേരും ബ്രാൻഡഡ് വസ്ത്രങ്ങൾ ഓൺലൈൻ വഴി വാങ്ങുമ്പോൾ ഹെന്ന വരെ ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന സ്ത്രീകളും കുറവല്ല. വെബ്‌സൈറ്റുകളിൽ കണ്ട് ഇഷ്ടപ്പെടുന്ന സാധനങ്ങൾ ഓർഡർ ചെയ്തുകഴിഞ്ഞാൻ ചെറിയ സമയത്തിനുള്ളിൽ വീടിനു വാതിൽക്കൽ അവ ലഭ്യമാകുന്നതു തന്നെയാണ് ഭൂരിഭാഗം പേരേയും ഓൺലൈൻ ഷോപ്പിംഗിലേക്ക് ആകർഷിക്കുന്നത്. മികച്ച വിപണന തന്ത്രവുമായി ഇറങ്ങുന്ന ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റുകൾ ഇത്തരം സന്ദർഭങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട്. സാധനം നമ്മുടെ കൈയിലെത്തിക്കഴിഞ്ഞു മാത്രം പണം കൊടുത്താൻ മതിയെന്നതു കൊണ്ട് ഇതിൽ ചതിവുകൾ താരതമ്യേന കുറവാണെന്നതും ഓൺലൈൻ ഷോപ്പിംഗിലേക്ക് ആളുകളെ ആകർഷിക്കുന്നു.

തിങ്ങി നിറഞ്ഞ ഷോപ്പിങ് മാളുകളിൽ കയറിയിറങ്ങുന്നതിന്റെ ബുദ്ധിമുട്ടോ, ഗതാഗതക്കുരുക്കേറിയ റോഡിലൂടെ മണിക്കൂറുകൾ തള്ളിനീക്കുന്നതിന്റേയോ ബുദ്ധിമുട്ടില്ലാതെ നേരിട്ട് സാധനങ്ങൾ കൈയിലെത്തുന്നു എന്ന മെച്ചവും ഓൺലൈൻ ഷോപ്പിംഗിനുണ്ട്. മിക്ക സാധനങ്ങളും ഓർഡർ ചെയ്യുന്നതിനു ശേഷം 12 മണിക്കൂറിനുള്ളിൽ തന്നെ ഉപയോക്താവിന് എത്തിച്ചുകൊടുക്കുന്നു. കഴിഞ്ഞ വർഷത്തേതിലും ഓൺലൈൻ ഷോപ്പിംഗുകാരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.