അബുദബി: സിഗ്നലിലും തിരക്കുള്ള റോഡുകളിലും അനാവശ്യമായി ഹോണടിക്കന്നവരാണോ നിങ്ങൾ. എന്നാൽ ഇനി ആ ശീലം നിർത്തിക്കോളൂ. ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

അനാവശ്യമായി ഹോണടിക്കുന്നതും ഹെഡ്ലൈറ്റ് തെളിയിക്കുന്നതും മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും അതുവഴി അപകടം ക്ഷണിച്ചുവരുത്താനും കാരണമാവും എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇത് കൂടാതെവാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ 800 ദിർഹമും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. 50 ശതമാനത്തിൽ കൂടുതൽ കാഴ്ച മറക്കുന്ന സ്റ്റിക്കർ ഗ്ലാസ്സിനൊട്ടിച്ചാൽ 1500 ദിർഹം കൊടുക്കണം.

മദ്യപിച്ച് വാഹനമോടിച്ചാൽ 20,000 ദിർഹമാണ് പിഴ. മൊട്ടയായ ടയർ ഉപയോഗിച്ചാലുമുണ്ട് ശിക്ഷ- 500 ദിർഹം ഫൈനും നാല് ബ്ലാക്ക് പോയിന്റും. ഏഴ് ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ട്രാഫിക് സിഗ്‌നലുകൾ ലംഘിച്ചാൽ 1000 ദിർഹമാണ് ഫൈൻ. കൂടെ 12 ബ്ലാക്ക് പോയിന്റും രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കലും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 400 ദിർഹം പോകും. നാല് ബ്ലാക്ക് പോയിന്റ് കിട്ടുകയും ചെയ്യും. ലൈസൻസില്ലാതെ ടാക്സി ഓടിച്ചാൽ 3000 ദിർഹമും 24 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.