- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാൻ തുരങ്കം കാണാൻ അവധിദിനത്തിൽ ആളുകൾ കൂട്ടമായെത്തി; വൻ ഗതാഗത കുരുക്ക്
തൃശൂർ: കുതിരാൻ തുരങ്കത്തിന്റെ കൗതുകം ആസ്വദിക്കാൻ അവധിദിനത്തിൽ ആളുകൾ കൂട്ടമായി എത്തിയതോടെ കുതിരാനിൽ വൻ ഗതാഗത കുരുക്ക്. തിരുവോണ നാളിനു പിന്നാലെയെത്തിയ ഞായറാഴ്ച വൈകുന്നേരമായതോടെ ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള തുരങ്കത്തിൽ കയറി പുറത്തു കടക്കാൻ മുക്കാൽ മണിക്കൂർ വരെ എടുത്തതായി യാത്രക്കാർ പറയുന്നു. അവധി കഴിഞ്ഞു ബെംഗളൂരുവിലേക്കും തമിഴ്‌നാട്ടിലേക്കും പോകാൻ ഇറങ്ങിയവരും തിരക്കിൽ കുടുങ്ങി.
പാലക്കാടുനിന്നെത്തി തുരങ്കം കാണാനെത്തിയവരാണ് ശരിക്കും കുടുങ്ങിയത്. ഇവർ യുടേൺ എടുത്തു മടങ്ങാൻ ശ്രമിച്ചതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. തിരക്കൊഴിവാക്കാൻ പൊലീസെത്തി യുടേണുകൾ അടച്ചു നേരേ വിടാനായി ശ്രമം. ഇതിനിടെ ചെറിയ ഇട കിട്ടുന്നിടത്തൂടെ ആളുകൾ തിരിയാൻ ശ്രമിച്ചത് കടുത്ത ബ്ലോക്കിന് വഴിവച്ചു.
പൊലീസ് യുടേണുകൾ എല്ലാം അടച്ചതോടെ പട്ടിക്കാട് വരെയും തിരക്ക് നീണ്ടു. ഇവിടെ നിന്നാണ് വാഹനങ്ങൾക്കു തിരിയാൻ സാധിച്ചത്. തൃശൂർ ഭാഗത്തുനിന്നു തുരങ്കത്തിൽ കയറാൻ കുതിരാൻ കടന്ന് അപ്പുറത്തു പോയി തിരിച്ചു വരണം. ഇവിടെയും യുടേൺ എടുത്തിടത്തു തിരക്കുണ്ടായി. ഇതോടെ വഴിയിൽ വാഹനങ്ങൾ അനങ്ങാതായി.
മറുനാടന് മലയാളി ബ്യൂറോ