മൈസൂരു: ക്ഷേത്രത്തിൽ നിന്നും വിഷപദാർത്ഥമടങ്ങിയ പ്രസാദം കഴിച്ച് 11 പേർ മരിച്ച സംഭവത്തിൽ ക്ഷേത്ര കമ്മറ്റിയിലെ രണ്ട് പേർ അറസ്റ്റിൽ. ചാമരാജനഗറിലെ സുൽവാഡി കിച്ചു മാരമ്മ ക്ഷേത്രത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവിടെ നിന്നും പ്രസാദം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള 29 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 93 പേരാണ് വിവിധ ആശുപത്രികളിൽ വെന്റിലേറ്ററിൽ കഴിയുന്നതെന്നാണ് വിവരം.

പ്രസാദത്തിൽ മനഃപൂർവം രാസപദാർഥം കലത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വിവരത്തിന് പിന്നാലെയാണ് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തത്. സുൽവാഡി സ്വദേശികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചിന്നപ്പ, മാനേജർ മാദേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ക്ഷേത്രത്തിലെ പൂജാരി മഹാദേവയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭക്ഷണം തയ്യാറാക്കിയ മൂന്ന് പാചകക്കാരിൽ ഒരാളായ പുട്ടസ്വാമിയുടെ 12 വയസ്സുള്ള മകളും മരിച്ചവരിൽപ്പെടും. തയ്യാറാക്കിവെച്ച പുലാവിൽനിന്ന് അസാധാരണ ഗന്ധം ഉയർന്നതായി തോന്നിയെന്ന് പുട്ടസ്വാമി പറഞ്ഞു. ക്ഷേത്രത്തിന്റെ ഭരണസമിതിക്കാർക്ക് കഴിക്കാനായി നൽകിയ പുലാവ് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രസാദം ക്ഷേത്രത്തിൽ തടിച്ചു കൂടിയ എല്ലാവർക്കും കൊടുക്കാൻ തികയാതിരുന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.

ക്ഷേത്രം ട്രസ്റ്റിമാരായ തമിഴ്‌നാട്ടുകാരും ക്ഷേത്രസ്ഥലത്തെ നാട്ടുകാരും ഏറെക്കാലമായി ശത്രുതയിലാണ്. ഇതിന്റെ തുടർച്ചയായാണ് പ്രസാദത്തിൽ വിഷം ചേർത്തതെന്ന് പൊലീസ് പറയുന്നു. ട്രസ്റ്റിമാരിൽ ഒരാളെ കുറച്ചുനാൾ മുമ്പ് നാട്ടുകാർ മർദിച്ചിരുന്നു. ക്ഷേത്രത്തിലെ ഗോപുരം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണിത്.

ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടാൻ എട്ടുമുതൽ പത്ത് വരെ ദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. മൈസൂരുവിലെ കെ.ആർ. ഹോസ്പിറ്റലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേരുണ്ട്.