മെൽബൺ: ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസി എന്ന തന്റെ സ്വപ്‌നം സാഫല്യമാകില്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. ഇന്ത്യൻ വംശജനും സൺഷൈനിൽ താമസക്കാരനുമായ ദീപക് സിങ് ആണ് നിരാശ മൂലം ആത്മഹത്യ ചെയ്തത്. ഓസ്‌ട്രേലിയൻ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ അടുത്ത കാലത്തുണ്ടായ മാറ്റങ്ങൾ മൂലം തന്റെ പെർമനന്റ് റെസിഡൻസി സ്വപ്‌നം തകർന്നുവെന്നു മനസിലാക്കിയതിനെ തുടർന്നാണ് ദീപക് സിങ് മരണത്തെ പുൽകിയത്.

2008-ൽ ഓസ്‌ട്രേലിയയിൽ എത്തിയ ദീപക് സിങ് പിആറിന് യോഗ്യത നേടുന്നതിനായി കമ്യൂണിറ്റി വെൽഫെയറിൽ പഠനം നടത്തി വരികയായിരുന്നു. കോഴ്‌സ് പൂർത്തിയാകുന്ന മുറയ്ക്ക് തനിക്ക് പിആറിന് യോഗ്യത കിട്ടുമെന്ന് ദീപക് കരുതുകയും ചെയ്തു. കൂടാതെ വീടില്ലാത്തവരെ സഹായിക്കുന്ന ടാർനീത് ഗുരുദ്വാരയിൽ ഇന്റേൺഷിപ്പ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങൾ മൂലം ദീപക്കിന് പിആറിനുള്ള യോഗ്യത നേടാൻ സാധിച്ചില്ല.

പഠനം പൂർത്തിയാക്കിയ ദീപക് ഓസ്‌ട്രേലിയൻ സ്ത്രീയെ വിവാഹം കഴിച്ച് ടെമ്പററി വിസയിൽ ഇവിടെ താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹത്തിന്റെ പേരിൽ ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പിന് അപേക്ഷ നൽകിയെങ്കിലും ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിലുള്ള സംശയം മൂലം ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് പിആർ നിഷേധിക്കുകയായിരുന്നു. ദീപക് വിവാഹം കഴിച്ചത് തന്നെക്കാൾ പ്രായമുള്ള സ്ത്രീയെയായിരുന്നു. ഇതാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന് സംശയം തോന്നാൻ കാരണം.

തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ ദീപക് രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ദീപക് സ്വയം മരണം വരിച്ചത് അടുത്ത സുഹൃത്തുക്കളേയും മറ്റും ഞെട്ടിപ്പിച്ചുകളഞ്ഞു. പിആർ മോഹിച്ച് ഓസ്‌ട്രേലിയയിൽ എത്തുന്നവരിൽ ഒരു ചെറിയ ശതമാനം പേരും ഇത്തരത്തിൽ മോഹഭംഗങ്ങൾക്ക് ഇരയാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഉള്ള ഇമിഗ്രേഷൻ ഏജന്റുമാർ അമിത നിരക്ക് ഈടാക്കുന്നതു മൂലം പലരും എളുപ്പവഴികൾ സ്വീകരിക്കുന്നതും ഇത്തരത്തിൽ ദുരന്തങ്ങളിൽ കലാശിക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സേവനം ആവശ്യമുള്ളവർ ലൈഫ് ലൈൻ നമ്പരായി 13 11 14-ൽ വിളിക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.