ന്യൂഡൽഹി: ജിയോ ട്രായ്‌യുടെ നിബന്ധന ലംഘിച്ചോ? റിലയൻസ് ജിയോയുടെ സൗജന്യ ഓഫറായ ഹാപ്പി ന്യു ഇയർ ഓഫറിന് ട്രയ് യുടെ പിടിവീഴുന്നു. സൗജന്യ ഡാറ്റ-വോയ്‌സ് ഓഫർ നീട്ടി നൽകിയത് സംബന്ധിച്ച് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിലയൻസ് ജിയോ ഇൻഫോകോമിനോട് വിശദീകരണം ആവശ്യപ്പെട്ടു. സൗജന്യ ഓഫറുകൾക്ക് 90 ദിവസത്തിൽ കൂടുതൽ ദൈർഘ്യം പാടില്ലെന്ന ട്രായ്‌യുടെ നിബന്ധന ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

ജിയോയുടെ വെൽകം ഓഫറും പിന്നീട് നൽകിയ ഹാപ്പി ന്യൂ ഇയർ ഓഫറും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ജിയോയ്ക്ക് നൽകിയതായി ട്രായ് അധികൃതർ പറഞ്ഞു. ഡിസബർ 20ന് ആണ് ട്രായ് കത്ത് നൽകിയത്. അഞ്ചു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയം സബന്ധിച്ച് സൂക്ഷ്മമായി പഠിച്ചു വരികയാണെന്നും ട്രായ് വ്യക്തമാക്കി.

ഡിസബർ ഒന്നു മുതലാണ് നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കുമായി ഹാപ്പി ന്യൂ ഇയർ എന്ന പേരിൽ പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളും ലഭ്യമാക്കുന്ന പുതിയ ഓഫർ നൽകിത്തുടങ്ങിയത്. വെൽകം ഓഫർ എന്ന പേരിൽ സൗജന്യ ഡാറ്റയും ഫോൺ കോളുകളും നൽകുന്ന ഓഫർ സെപ്റ്റംബർ മുതൽ മൂന്നു മാസത്തേയ്ക്ക് നൽകിയിരുന്നു. ഇത് അവസാനിക്കുന്നതോടെ പുതിയ ഓഫർ നിലവിൽ വരികയും ചെയ്തു.

പഴയ ഓഫറിന്റെ തുടർച്ച തന്നെയാണ് രണ്ടാമത് നൽകിയ ഓഫറും എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണെന്ന് ട്രായ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തിലുള്ള നേരിയ വ്യത്യാസം മാത്രമാണ് പുതിയ ഓഫറിനുള്ളത്. മറ്റൊരു മൊബൈൽ സേവന ദാതാവായ ഭാരതി എയർടെൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രായ് ജിയോയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.