ന്യൂഡൽഹി: രാജ്യത്തെ സോഷ്യൽ മീഡിയയും ഇന്റർനെറ്റ് ഉപയോക്താക്കളും ഒത്തൊരുമിച്ചു നിന്നപ്പോൾ ഫേസ്‌ബുക്കിന്റെ തന്ത്രങ്ങൾ പിഴച്ചു. നെറ്റ് ന്യൂട്രാലിറ്റി (ഇന്റർനെറ്റ് സമത്വം) എന്ന ആശയത്തിനു പിന്തുണ നൽകാൻ ടെലികോം നിയന്ത്രണ അഥോറിറ്റി (ട്രായ്) തീരുമാനിച്ചു.

ഫേസ്‌ബുക്കിന്റെ ഫ്രീബേസിക്‌സ്, ഇന്റർനെറ്റ് ഡോട്ട് ഓർഗ് മുതലായവ ഇന്റർനെറ്റ് സമത്വത്തെ തകർക്കുന്നുവെന്നു കാട്ടി നിരവധി ഉപയോക്താക്കൾ ട്രായിക്കു സന്ദേശം അയച്ചിരുന്നു. ഇതു പരിഗണിച്ചാണ് ട്രായി തീരുമാനം എടുത്തിരിക്കുന്നത്.

ഇന്റർനെറ്റ് സേവനങ്ങൾക്കു വ്യത്യസ്ത നിരക്കുകൾ ഈടാക്കാൻ പാടില്ല എന്നു ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ആവശ്യം തള്ളിയാണ് ട്രായ് നിർദ്ദേശിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയർമാൻ ആർ.എസ്.ശർമ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ജനുവരി 21ന് ചർച്ച സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്റർനെറ്റ് സമത്വം സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായവും തേടിയിരുന്നു. ഏതാണ്ട് 20 ലക്ഷത്തോളം അഭിപ്രായങ്ങൾ ലഭിച്ചതായാണു സൂചന. ഫേസ്‌ബുക്ക് അവതരിപ്പിച്ച 'ഫ്രീ ബേസിക്‌സ്' പദ്ധതിയെച്ചൊല്ലിയുള്ള വിവാദമാണ് ഇന്റർനെറ്റ് സമത്വം വീണ്ടും ചർച്ചയാകാൻ കാരണം. ഏതാനും വെബ്‌സൈറ്റുകൾ സൗജന്യമായി (ഡേറ്റ ചാർജ് ഈടാക്കാതെ) നൽകുന്നു എന്നതിനർഥം മറ്റുള്ളവയ്ക്ക് അവസര സമത്വം നിഷേധിക്കുന്നു എന്നാണെന്നു വാദമുയർന്നിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് ട്രായ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് ഇന്റർനെറ്റ് നിഷ്പക്ഷത ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ട്രായ് റിപ്പോർട്ട് നൽകി. ഓരോ സൈറ്റുകൾക്കും പ്രത്യേകം പ്രത്യേകം നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാകില്ല. ഡാറ്റാ നിരക്കുകൾ ഏകീകൃതമായിരിക്കണമെന്നും ട്രായ് ടെലികോം മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും എന്നാണ് ഫേസ്‌ബുക്ക് ഫ്രീബേസിക്‌സ് എന്ന ആശയം കൊണ്ടു വന്നു പറഞ്ഞത്. ചില സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, ചില സൈറ്റുകൾ കൂടിയ വിലക്ക് ലഭ്യമാക്കുക എന്ന നിരക്കു വ്യത്യാസം അംഗീകരിക്കാനാകില്ലെന്നു ട്രായ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഇന്റർനെറ്റ് നിഷ്പക്ഷതയ്ക്കായി രാജ്യമെങ്ങും അതിശക്തമായ പ്രചാരണമാണ് ഉയർന്നത്. ഇന്ത്യയിൽ ഒരേ ഡാറ്റാ നിരക്കിൽ ഇന്റർനെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്നാണു ട്രായ് വ്യക്തമാക്കിയത്. ഇത് ലംഘിക്കുന്നവരിൽനിന്ന് പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രായ് പ്രഖ്യാപിച്ചു.

ഏതാനും വെബ് സേവനങ്ങൾ മാത്രം ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടിയാണു ഫേസ്‌ബുക്കും ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ചേർന്ന് ഫ്രീബേസിക്‌സ് നടപ്പിലാക്കാൻ പദ്ധതിയിട്ടത്. ആദ്യം ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിലായിരുന്നു ഫേസ്‌ബുക്ക് നെറ്റ് ന്യൂട്രാലിറ്റിക്കെതിരായി രംഗത്തെത്തിയത്. എതിർപ്പുയർന്നപ്പോൾ ഫ്രീബേസിക്‌സ് എന്നു പേരുമാറ്റി വീണ്ടും രംഗത്തുവന്നു. സേവനങ്ങൾ പരിമിതപ്പെടുത്താനുള്ള ഫെയ്‌സ് ബുക്കിന്റെ നീക്കത്തിനൊപ്പമായിരുന്നു മറ്റ് ചില ഇന്ത്യൻ കമ്പനികളും. എന്നാൽ ഈ കമ്പനികൾക്കെല്ലാം കനത്ത തിരിച്ചടിയാണ് ട്രായ് പുതിയ തീരുമാനത്തിലൂടെ നൽകിയിരിക്കുന്നത്.