ണ്ടനിൽനിന്ന് അതിവേഗം നെതർലൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റർഡാമിലെത്താൻ സഹായിക്കുന്ന യൂറോ സ്റ്റാർ ട്രെയിൻ സർവീസ് ഇന്ന് ആരംഭിച്ചു. മൂന്നര മണിക്കൂർ കൊണ്ട് ആംസ്റ്റർഡാമിലെത്താൻ സഹായിക്കുന്ന അതിവേഗ സർവീസിന് ടിക്കറ്റ് നിരക്ക് 3500 രൂപ മാത്രമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ സർവീസ് ആരംഭിച്ച യൂറോസ്റ്റാർ, ഏപ്രിൽ നാലുമുതലാകും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.

ബ്രസ്സൽസിൽ ഇറങ്ങി ട്രെയിൻ മാറിക്കയറി ആംസ്റ്റർഡാമിലേക്ക് പോവുകയെന്ന മുഷിപ്പൻ യാത്ര ഇനി വേണ്ടെന്നതാണ് യൂറോ സ്റ്റാർ വരുന്നതോടെയുള്ള പ്രധാന മാറ്റം. ലണ്ടൻ സെന്റ് പാൻക്രാസിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്. ദിവസം രണ്ട് ട്രെയിനുകളാണ് സർവീസ് നടത്തുക. ആദ്യത്തേത് രാവിലെ 8.31-നും രണ്ടാമത്തേത് വൈകിട്ട് 5.31-നും ആംസ്റ്റർഡാമിലേക്ക് പുറപ്പെടും.

ഇന്നലെ രാവിലെ ഉദ്ഘാടനയാത്ര നടത്തിയ യൂറോസ്റ്റാർ ഒരുമണിക്കൂർ 46 മിനിറ്റുകൊണ്ട് ബ്രസൽസിലെത്തിച്ചേർന്നു. റോട്ടർഡാം വഴി ആംസ്റ്റർഡാമിലെത്തുന്നതിന് മൂന്ന് മണിക്കൂറും 46 മിനിറ്റുമാണ് വേണ്ടിവന്നത്. മണിക്കൂറിൽ 300 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ ലഘുഭക്ഷണവും മദ്യവും ലഭിക്കും.

വ്യോമയാത്ര ഒഴിവാക്കുന്ന യാത്രക്കാർക്ക് അനുഗ്രഹമാണ് ഈ തീവണ്ടിയാത്രയെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നേമുക്കാൽ മണിക്കൂർ കൊണ്ട് ആംസ്റ്റർഡാമിലെത്തിച്ചേരുന്നത് ഏറെക്കുറെ വിമാനയാത്രയ്ക്ക് തുല്യമാണ്. വിമാനത്താവളത്തിലെത്തി അവിടുത്തെ സുരക്ഷാപരിശോധനയ്ക്കും മറ്റുമായി സമയം കളയുന്ന നേരം കൂടി കണക്കിലെടുത്താൽ, അതിനേക്കാൾ വേഗത്തിൽ ആംസ്റ്റർഡാമിലെത്താൻ ട്രെയിൻ യാത്രയിലൂടെ സാധിക്കും.