ലോകമാകമാനമുള്ളവരെ ചിരിപ്പിക്കുകയെന്ന സദുദ്ദേശ്യത്തോടെ വർഷം തോറും നടത്തി വരാറുള്ള പാന്റ്‌സില്ലാ യാത്രയുടെ 18ാം വർഷവും അടിപൊളിയായി ലോകമാകമാനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ലോകമാകമാനമുള്ള മെട്രൊ ട്രെയിനുകളിൽ അണ്ടർവെയർ മാത്രം ഇട്ട് യാത്ര ചെയ്യാൻ എത്തിയത് നൂറ് കണക്കിന് യുവതീ യുവാക്കളായിരുന്നു. ഡസൻ കണക്കിന് നഗരങ്ങളിലാണ് ദി നോ പാന്റ്‌സ് സബ് വേ റൈഡ്‌സ് അരങ്ങേറിയിരിക്കുന്നത്. പ്രാങ്ക്‌സ്റ്റേർസ് ആയ ഇംപ്രൂവ് എവരിവേർ ആണിത് സംഘടിപ്പിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബാനിൽ ഊഷ്മാവ് 31 ഡിഗ്രിയായി ഉയർന്ന വേളയിൽ ഈ പാന്റ്‌സില്ലാ സഞ്ചാരം യാത്രക്കാർക്ക് ആശ്വാസം പകർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ കാനഡയിലെ കാൽഗറിയിൽ ഊഷ്മാവ് മൈനസ് 20 ഡിഗ്രിയായി താഴാനിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇവിടെ പാന്റ്‌സില്ലാ യാത്ര ദുസ്സഹമായിത്തീരുകയും ചെയ്തിരുന്നു. പ്രാഗ്, ലണ്ടൻ, ബെർലിൻ,മ്യൂണിച്ച് എന്നിവിടങ്ങളിലെ മെട്രൊ ട്രെയിനുകളിലേക്ക് ഇരച്ച് കയറിയ ഇത്തരക്കാരുടെ വേഷവിതാനത്തെ ചില യാത്രക്കാർ അസഹ്യതയോടെ നോക്കുകയും ചെയ്തിരുന്നു. ചിലർ പാന്റ്‌സില്ലാ യാത്രയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുമുണ്ടായി.

ഈ യാത്രയുടെ ഭാഗമായി ഇതിൽ പങ്കെടുത്തവർ തങ്ങളുടെ പാന്റ്‌സ്, ട്രൗസറുകൾ, ഷോർട്‌സ്,സ്‌കർട്ടുകൾ, തുടങ്ങിയവ അഴിച്ച് മാററിയിട്ടായിരുന്നു ട്യൂബുകൾ, സബ് വേകൾ തുടങ്ങിയവയിൽ സഞ്ചരിച്ചിരുന്നത്.25 രാജ്യങ്ങളിലെ 60 നഗരങ്ങളിൽ ഈ പരിപാടി പൂർവാധികം ആവേശത്തോടെ അരങ്ങേറിയിരുന്നു. 2002ൽ ന്യൂയോർക്കിലായിരുന്നു ഈ ആശയം ആദ്യമായി പൊട്ടിമുളച്ചത്. തുടർന്ന് ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പടരുകയും ചെയ്തു.

റഷ്യയിലെ മോസ്‌കോയിൽ 2016 ജനുവരിയിലായിരുന്നു ഈ പരിപാടി ആദ്യമായി നടന്നത്. ഇത് ചിലയിടങ്ങളിൽ വൻ വിവാദങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാനം തകരുമെന്ന് ആരോപിച്ച് ചിലയിടങ്ങളിൽ പൊലീസിനെ വൻ തോതിൽ വിന്യസിക്കപ്പെട്ട ചരിത്രവും ഈ ഇവന്റിനുണ്ട്.