കൊല്ലം: ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സപ്രസ് കായംകുളം റെയിൽവേ സ്റ്റേഷൻ പിന്നിട്ട് കുതിച്ചു പായുകയാണ്. ഓച്ചിറ റെയിൽവേ സ്റ്റേഷൻ പിന്നിട്ട് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിന് സമീപം എത്തുമ്പോഴാണ് ട്രാക്കിൽ വലിയൊരു മെറ്റൽ കൂന ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. പെട്ടെന്ന് തന്നെ എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും ഉഗ്ര ശബ്ദത്തോടെ മെറ്റൽകൂന ഇടിച്ചു തെറിപ്പിച്ചു ട്രെയിൻ നിന്നത് ഒരു കിലോമീറ്റർ മാറിയാണ്. സംഭവമെന്തെന്ന് ആർക്കു മനസ്സിലായില്ല. ട്രെയിനിൽ നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് വേഗം തന്നെ ഇറങ്ങി പരിശോധിച്ചു.

ലോക്കോ പൈലറ്റ് സംഭവം പൊലീസിനോടും കരുനാഗപ്പള്ളി, ഓച്ചിറ റെയിൽവേ സ്റ്റേഷനുകളിലും വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ ട്രാക്കിന് സമീപം പേടിച്ചു നിൽക്കുന്ന തഴവ അനന്തകൃഷ്ണാലയത്തിൽ അനന്തകൃഷ്ണനെ (19) കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സമീപത്ത് തന്നെ ഒളിച്ചു നിന്ന മണപ്പള്ളി ആലുംതറ വടക്കതിൽ അനന്തുഭവനത്തിൽ അനന്തു (19), തഴവ സംഗമത്ത് പുത്തൻവീട്ടിൽ അഖിൽരാജ് (18) എന്നിവരെയും രണ്ട് പ്ലസ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞതിങ്ങനെ: ഓച്ചിറയിലെ വൃശ്ചികോത്സവം കാണാൻ പോയി മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം. പുലർച്ചെ ആറുമണിയോടെ വയനകം റെയിൽവേ ട്രാക്ക് വഴി നടന്നു വരികയായിരുന്നു ഇവർ. ഇതിനിടെയിൽ ട്രാക്കിൽ കിടക്കുന്ന മെറ്റലിനെ പറ്റി സംസാരമായി. മെറ്റലിൽ ട്രെയിനിടിച്ചാൽ തീ പാറി തെറിച്ചു പോകുമെന്ന് ഒരാൾ പറഞ്ഞു. മറ്റൊരാൾ പറഞ്ഞത് പോടിഞ്ഞു പോകുമെന്ന്. ഇത് പറഞ്ഞ് തർക്കമായപ്പോൾ എങ്കിൽ അതൊന്ന് പരീക്ഷിക്കാമെന്നായി. അതിനായി ചെയ്തത് ട്രാക്കിലേക്ക് മെറ്റൽ കൂട്ടിയിട്ടു. ട്രെയിൻ വരാനായി ഇവർ സമീപത്ത് തന്നെ കാത്തു നിന്നു. 6.40 ആയപ്പൾ ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സപ്രസ്സ് കടന്നു വന്നത്. പക്ഷേ യുവാക്കൾ നിചാരിച്ചപോലെയല്ലായിരുന്നു കാര്യങ്ങൾ മെറ്റൽകൂനയിൽ ഇടിച്ച ട്രെയിൻ ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്തതോടെ നിന്നപ്പോൾ അവർ വിരണ്ടു. ഉടൻ തന്നെ ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.ഇതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്.

പിടിയിലായ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ക്രിമിനൽ പാശ്ചാത്തലമില്ലെന്നും ഇവർ നിർദ്ധന കുടുംബത്തിൽ ഉള്ളവരാണെന്നും അറസ്റ്റ് ചെയ്ത റെയിൽവേ സർക്കിൾ ഇൻസ്പെക്ടർ ആർ. അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ ചെങ്ങന്നൂർ റെയിൽവേ കോടതിയിൽ ഇന്ന് ഹാജരാക്കും. കോടതിയിൽ നിന്നും ഇവർക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. കാരണം വലിയ അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ ക്രിമനൽ കുറ്റം തന്നെ ചുമത്താനാണ് സാധ്യത. അതേ സമയം അറസ്റ്റിലായവരിൽ രണ്ട്പേർ പ്ലംബിങ് ജോലികൾ ചെയ്ത് കുടുംബം പോറ്റുന്നവരാണ്. മെറ്റൽകൂനയിൽ ഇടിച്ച ട്രെയിനിന്റെ മുൻവശത്തെ സംരക്ഷണ ഭാഗമായ കൗക്യാച്ചർ വളഞ്ഞു പോയി. ട്രാക്കിൽ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ തട്ടിക്കളയുവാനുള്ള ഭാഗമാണ് കൗക്യാച്ചർ. വലിയ മെറ്റൽകൂനയായതിനാലാണ് ഇതിന് തകരാർ സംഭവിച്ചത്. പാളത്തിലെ മെറ്റലുഖൽ നീക്കി അരമണിക്കൂറിന് ശേഷമാണ് ട്രെയിൻ കടന്ന് പോയത്. കായംകുളം ആർപിഎഫ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.