കൊച്ചി: മുളന്തുരുത്തിയിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

മുഖ്യപ്രതിയായ ആലപ്പുഴ ഒളവക്കോട് സ്വദേശി ബാബുക്കുട്ടൻ കവർച്ച നടത്തിയ സ്വർണം വിൽക്കാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ് ഇരുവരും. യുവതിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് സുരേഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്.

സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്നും റെയിൽവേ പൊലീസ് പറഞ്ഞു. ബാബുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് റെയിൽവേ പൊലീസിന്റെ തീരുമാനം.