റോം: തെക്കൻ ഇറ്റലിയിൽ ട്രെയിനുകൾ കൂട്ടിമുട്ടി 20 പേർ മരിച്ചു. ഒട്ടേറെ പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊറാട്ടോ, ആൻഡ്രിയ പട്ടണങ്ങൾക്കിടയിൽ വച്ച് രണ്ടു ട്രെയിനുകൾ നേർക്കു നേർ കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്.

നാലു കമ്പാട്ട്‌മെന്റുകൾ വീതമുള്ള രണ്ടു ട്രെയിനുകളാണ് ഒരേ ട്രാക്കിലൂടെ ഓടി കൂട്ടിമുട്ടിയത്. സിംഗിൾ ട്രാക്കുള്ള റൂട്ടിൽ ആൻഡ്രിയയ്ക്കു സമീപമാണ് അപകടം നടക്കുന്നത്. ട്രെയിനുകൾ കൂട്ടിമുട്ടിയതിനെ തുടർന്ന് കമ്പാട്ട്‌മെന്റുകൾ പൂർണമായും തകർന്നു. ട്രാക്കിൽ നിന്നു തെന്നിമാറി മറിയുകയും ചെയ്തു.

തകർന്ന കമ്പാർട്ട്‌മെന്റുകൾക്കുള്ളിൽ നിന്ന് യാത്രക്കാരെ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കമ്പാർട്ട്‌മെന്റുകൾക്കുള്ളിൽ നിന്നു പുറത്തെടുക്കവേയും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി മാറ്റിയോ റെൻസി അഗാധമായ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ റെൻസി രക്ഷാപ്രവർത്തനിത്തിന് നേതൃത്വം നൽകി.