ദമ്മാം: ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന പേമാരിക്ക് ശമനമില്ലാതെ തുടരുന്നു. മഴവെള്ളം പാളത്തിലേക്ക് കുത്തിയൊലിച്ചിറങ്ങി ദമ്മാമിന് സമീപം ട്രെയിൻ അപകടമുണ്ടായി. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങളായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലം സ്ലീപ്പറുകൾ ഉറപ്പിച്ച മെറ്റൽ ഇളകിയതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച പുലർച്ചെ ദമാം സ്റ്റേഷനു സമീപത്താണ് അപകടം. റിയാദിൽ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്ന ട്രെയിൻ സ്‌റ്റേഷനിൽ എത്തന്നതിന് മുമ്പ് അപകടത്തിൽ പെടുകയായിരുന്നു. '

പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സംഭവമുണ്ടായ ഉടനെ കുതിച്ചത്തെിയ റെയിൽവേ ടാസ്‌ക് ഫോഴ്‌സും സിവിൽ ഡിഫൻസും റെഡ്ക്രസന്റും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 10 കിലോമീറ്റർ അകലത്തിലുള്ള ദമ്മാം റെയിൽവേ സ്റ്റേഷനിൽ അടിയന്തര സൗകര്യങ്ങളൊരുക്കി പരിക്കേറ്റ ആളുകളെയെല്ലാം അവിടെയത്തെിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് വിവരം കിട്ടിയ ഉടനെ ദമ്മാമിൽ നിന്ന് റിസർവ് ട്രെയിൻ അയച്ച് പരിക്കേറ്റവരെയും ബാക്കി യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി ദമ്മാമിലത്തെിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴവെള്ളപ്പാച്ചിലിൽ തകർന്ന റെയിൽവേ ലൈൻ നന്നാക്കാനുള്ള ശ്രമം വെള്ളിയാഴ്ച രാവിലെ തന്നെ തുടങ്ങിയെന്നും അറ്റകുറ്റ പണികളെല്ലാം പൂർത്തിയാക്കി പരിപൂർണ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനഃരാരംഭിക്കുകയുള്ളൂ എന്നും റമീഅ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിലയ്ക്കാതെ പെയ്യുന്ന മഴ മൂലം മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.