സോൾ: ഉത്തര കൊറിയയിൽ ചരിത്രം അതിർത്തി കടന്നു ! അതും റെയിൽവേ ട്രാക്ക് വഴി. പത്തു വർഷങ്ങൾക്ക് ശേഷമാണ് ഉത്തര കൊറിയയിലേക്ക് ദക്ഷിണ കൊറിയയിൽ നിന്നും ട്രെയിൻ സഞ്ചരിക്കുന്നത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള എൻജിനീയർമാരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ട്രെയിനാണ് അതിർത്തി കടന്ന് ഉത്തര കൊറിയയിലെത്തി ചരിത്രം സൃഷ്ടിച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന ഭിന്നിപ്പിന് അറുതി വരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വരും മാസങ്ങളിൽ പുത്തൻ റെയിൽ ഗതാഗതവും ഇവിടെ രൂപീകരിക്കുമെന്നാണ് സൂചന.

ഇരു രാജ്യങ്ങൾക്കുമിടയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള സാധ്യതകൾ എത്രത്തോളമുണ്ടെന്ന് അറിയാനാണ് സംഘം പരിശോധന നടത്തിയത്. ഈ വർഷമാദ്യം ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരായ മൂൺ ജേ ഇന്നും കിം ജോങ് ഉന്നും തമ്മിൽ ചർച്ച നടത്തിയിരുന്നു.  ഇതിലാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ധാരണയായത്.

'ഇരുമ്പു കുതിര സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുയുഗത്തിലേക്ക് കുതിക്കുന്നു' എന്ന ബാനർ പതിപ്പിച്ച ചുവപ്പും നീലയും വെള്ളയും നിറമുള്ള 6 ബോഗികളുള്ള ട്രെയിനാണ് അതിർത്തി കടന്നത്. ഉത്തര കൊറിയയിലെ പാന്മുൻ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ബോഗികൾ തുടർന്ന് ഉത്തര കൊറിയയുടെ എൻജിനിൽ ഘടിപ്പിക്കും.

ദക്ഷിണ കൊറിയയുടെ എൻജിൻ അവിടെനിന്നു മടങ്ങും. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ - വിദഗ്ധ സംഘം 18 ദിവസം നേരത്തെയുണ്ടായിരുന്ന 2 പാതകളിൽ 2600 കിലോമീറ്റർ സഞ്ചരിച്ച് ട്രാക്കുകൾ പരിശോധിക്കും. പാതകളുടെ നവീകരണപദ്ധതി ഇവർ തയാറാക്കും. 1948 ൽ കൊറിയകൾ രണ്ടാകുന്നതിനു മുൻപ് രാജ്യത്തിന്റെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറുമായാണ് 2 റെയിൽപ്പാതകളുണ്ടായിരുന്നത്.