- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊന്നും ഓർമയില്ല; സംഭവ സമയത്ത് നന്നായി മദ്യപിച്ചിരുന്നു; പൊലീസിന് എതിരെ പരാതിയൊന്നുമില്ല; ട്രെയിനിൽ കയറുമ്പോൾ 35 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു; കഴിഞ്ഞ ദിവസം നടന്നതൊക്കെ ഇപ്പോഴാണ് അറിയുന്നത് എന്നും പൊന്നൻ ഷമീർ
കണ്ണൂർ: പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് മാവേലി എക്സ്പ്രസ്സിൽ പൊലീസിന്റെ മർദ്ദനത്തിനിരയായ യാത്രക്കാരൻ പൊന്നൻ ഷമീർ. സംഭവ സമയത്ത് താൻ മദ്യലഹരിയിലായിരുന്നു. എന്താണ് നടന്നതെന്ന് ഓർമ്മയില്ല, വിഷയത്തിൽ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും ഷെമീർ പറഞ്ഞു. 35 രൂപയുടെ ജനറൽ ടിക്കറ്റ് എടുത്തിരുന്നതായും ഷമീർ വ്യക്തമാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ പൊന്നൻ ഷമീറിനെ കണ്ണൂരിലെത്തിച്ചു.
'എനിക്കൊന്നും ഓർമയില്ല. പരാതിയൊന്നുമില്ല. ഞാൻ ഹോട്ടൽപ്പണിയും കൂലിപ്പണിയുമെല്ലാം എടുക്കുന്നയാളാണ്. ടിക്കറ്റുണ്ടായിരുന്നു. 35 രൂപ കൊടുത്താണ് ടിക്കറ്റ് എടുത്തത്. ജനറൽ കമ്പാർട്മെന്റാണോ റിസർവേഷനാണോ എന്നൊന്നും അറിയില്ല. മാഹിയിൽ നിന്ന് കയറി പൊലീസ് വടകര ഇറക്കി വിട്ടു. അന്ന് മദ്യപിച്ചിരുന്നു. പിന്നെ ഞാൻ കോഴിക്കോടേക്ക് പോയി. കഴിഞ്ഞ ദിവസം നടന്നതൊക്കെ ഇപ്പോഴാണ് അറിയുന്നത്'- എന്നാണ് ഷമീർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഇന്ന് ഉച്ചയോടെയാണ് ഷമീറിനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം റെയിൽവേ പൊലീസിനു കൈമാറി. തുടർന്ന് കണ്ണൂരിലെത്തിച്ചു. ഷമീറിൽ നിന്ന് മൊഴിയെടുക്കുകയാണ്.
പൊന്നൻ ഷമീറിനെ നേരത്തെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു ഇയാളെ പൊലീസ് കണ്ടെത്തിയത്. മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന പേരിൽ ഷമീറിനെ എഎസ്ഐ മർദിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
മാഹിയിൽ നിന്ന് ട്രെയിനിൽ കയറിയ ഇയാളെ പൊലീസ് ഇടപെട്ട് വടകരയിൽ ഇറക്കിവിടുകയും ചെയ്തിരുന്നു. സംഭവം വിവാദമായെങ്കിലും ഇയാളെ കാണ്ടെത്താനാവാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് ചൊവ്വാഴ്ച ഇയാളെ തിരിച്ചറിഞ്ഞത്. ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇയാൽ പൊന്നൻ ഷമീർ ആണെന്ന് അറിയിച്ചിരുന്നു.
മാലപിടിച്ചു പറിക്കൽ, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് പൊന്നൻ ഷമീർ എന്നാണ് പൊലീസിന്റെ നിലപാട്. കൂത്തുപറമ്പ് നിർവേലി സ്വദേശിയും ഇപ്പോൾ ഇരിക്കൂറിൽ താമസിക്കുന്നതുമായ ആളുമാണ് ഇയാൾ. ട്രെയിനിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്നും മദ്യപിച്ച ലക്കുകെട്ടിരുന്ന നിലയിൽ ആയിരുന്നതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
സംഭവത്തിന് പിന്നാലെ എഎസ്ഐ പ്രമോദിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പർ കമ്പാർട്മെന്റിൽ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ മറുപടി നൽകി. കൈയിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാൾ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാൽ താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ