കോലഞ്ചേരി:തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടരവയസുകാരിയുടെ ദേഹത്ത് ചിപ്പെന്നും, അമാനുഷിക ശക്തി എന്നും ഒക്കെ അമ്മ ആവർത്തിക്കുമ്പോൾ താൻ ഒന്നുമല്ലാതായതിന്റെ സങ്കടത്തിൽ അച്ഛൻ. കഴിഞ്ഞ മാർച്ചിൽ തന്റെ മകളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് കുഞ്ഞുമായി വീട് വിട്ടിറങ്ങിയതാണ്. മകളെ ഒന്ന് കാണുവാൻ പോലും അമ്മയും അമ്മൂമ്മയും സമ്മതിക്കില്ലായിരുന്നെന്ന് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പിതാവ് പറഞ്ഞു.

കുട്ടിക്ക് ഹൈപ്പർ ആക്ടിവിറ്റി ഒന്നും തന്നെ ഇല്ല. വീട്ടിലേയ്ക്ക് വരാൻ പറഞ്ഞിട്ട് കൂട്ടാക്കിയില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ടി വന്നതായും ആശുപത്രിയിലെത്തിയ പിതാവ് പറയുന്നു. മകളെ തനിക്ക് വിട്ട് നൽകണമെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പിതാവ് പറയുന്നു. അന്റണിയെ പറ്റി വളരെ മോശമായ വിവരങ്ങളാണ് അയാളുടെ വീട്ടുകാരിൽ നിന്നു വരെ അറിയാൻ കഴിഞ്ഞത്. എത്രയും വേഗം ഭാര്യയെയും മകളെയും ഇവിടെ നിന്ന് കൂട്ടിക്കൊണ്ട് പോവുന്നതാണ് നല്ലതെന്ന് ആന്റണിയുടെ ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ മുമ്പിൽ നിന്നടക്കം സ്ഥിരമായി ആന്റണി കഞ്ചാവ് ഉപയോഗിക്കുന്നെന്ന് ബന്ധുക്കൾ തന്നോട് പറഞ്ഞെന്നും പിതാവ് പറയുന്നു.

തന്റെ മകൾ ഹൈപ്പർ ആക്ടീവല്ലെന്നും അങ്ങനെ സംഭവിച്ച അപകടമല്ലെന്നും പിതാവ് പറയുന്നു. മകളുടെ വീഡിയോകൾ ഡോക്ടർമാരെ കാണിച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം, രണ്ടരവയസ്സുകാരി വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. നട്ടെല്ലിൽ സുഷുമ്നാ നാഡിക്ക് മുൻപിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എം ആർ ഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടിയുടെ ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ല. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകൾ നൽകിയുള്ള ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

കാക്കനാട് തെങ്ങോടുള്ള ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമണത്തിനിരയായത്. ഞായറാഴ്‌ച്ച രാത്രി അമ്മയും മുത്തശ്ശിയും ചേർന്നാണ് കുട്ടിയെ പഴങ്ങനാട് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ബാലികയുടെ നില ഗുരുതരമായതോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുകയാണ്.

കുട്ടിയുടെ മാതാവ്, മുത്തശ്ശി, മാതൃസഹോദരി, ഇവരുടെ പന്ത്രണ്ട് വയസ്സുള്ള മകൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഈ കുടുംബത്തിലേക്ക് ടിജിൻ ആന്റണി എന്ന ഫോർട്ട് കൊച്ചി സ്വദേശിയായ ചെറുപ്പക്കാരൻ വന്നതിന് ശേഷമാണ് ഇവരുടെ ജീവിതരീതികളും മാറുന്നത്. കുമ്പളത്തെ വീട്ടിൽ ടിജിൻ ആന്റണി സ്ഥിരതാമസമാക്കിയതിന് പിന്നാലെ ഇവിടെ പ്രശ്‌നങ്ങൾ തുടങ്ങി. 

മർദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. എറണാകുളം കുമ്പളത്താണ് ഇവർ നേരത്തെ താമസിച്ചിരുന്നത്. 7 മാസം മുമ്പ് അപ്രതീക്ഷിതമായി ഇവർ ഇവിടം വിട്ട് പോയി. അമ്മയും രണ്ട് പെൺമക്കളും ഇവരുടെ രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ടിജിൻ ആന്റണി എന്ന യുവാവ് എത്തിയ ശേഷമാണ് കുടുംബം പരിസരവാസികളുമായുള്ള ബന്ധം പൂർണമായി ഒഴിവാക്കി വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീട് വീട്ടിൽ ആളുണ്ടെങ്കിലും ഗേറ്റ് അടച്ചുപൂട്ടി ഇവർ അകത്തിരിക്കുന്നതായിരുന്നു അവസ്ഥ.

ടിജിൻ ആന്റണി വന്നതിന് പിന്നാലെ തന്നെ അയൽവാസികളുമായി പലപ്പോഴും പ്രശ്‌നമുണ്ടായി. ഒടുവിൽ പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിസരവാസികളുമായി ആരുമായും ടിജിൻ ആന്റണിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇയാൾ പൊലീസിലാണ് ജോലി ചെയ്യുന്നതെന്നും തങ്ങളുടെ രക്ഷകനാണെന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ ക്രൂരമർദ്ദനത്തിനിരയായ കുട്ടി ഹൈപ്പർ ആക്ടീവായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തീർത്തും സാധാരണ നിലയിലാണ് ആ കുഞ്ഞ് എല്ലാവരോടും ഇടപെട്ട്‌പോന്നിട്ടുള്ളത്.