പാരീസ്: താരതമ്യേന ചെലവു കുറഞ്ഞ യാത്രാ മാർഗമായ ട്രെയിൻ യാത്ര പക്ഷേ ഫ്രാൻസിൽ അല്പം ചെലവേറിയ കാര്യമാണ്. ട്രെയിൻ യാത്രയുടെ കാര്യത്തിൽ യൂറോപ്പിൽ ചെലവു കൂടിയ രാജ്യങ്ങളിൽ ഫ്രാൻസ് അഞ്ചാം സ്ഥാനത്താണെന്നാണ് വിലയിരുത്തുന്നത്. ഫ്ര്ാൻസിനുള്ളിൽ തന്നെയുള്ള ഒരു ട്രെയിൻ യാത്രയ്ക്ക് 100 കിലോമീറ്ററിന് ശരാശരി 17.59 യൂറോ ചെലവാകും എന്നാണ് കണക്ക്.

36 യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് ഈ യാത്രാ ചെലവ് അഞ്ചാം സ്ഥാനത്താണുള്ളത്. ട്രെയിൻ യാത്ര ഏറ്റവും ചെലവേറിയത് സ്വിറ്റ്‌സർലണ്ടിലാണ്. 100 കിലോമീറ്ററിന് 47.44 യൂറോയാണ് ഇവിടെ ചെലവാകുക. യുകെയിൽ 23.44 യൂറോയും നെതർലാൻഡ്‌സിൽ 21.86 യൂറോയും ബെൽജിയത്തിൽ 20.54 യൂറോയുമാണ് ശരാശരി യാത്രാ ചെലവു വരിക. 2015 ഏപ്രിൽ മുതൽ 2016 ഏപ്രിൽ വരെയുള്ള കാലയളവിൽ 40 രാജ്യങ്ങളിലെ ട്രെയിൻ യാത്രാ ചെലവുമായി താരതമ്യം ചെയ്താണ് ജർമനിയുടെ ട്രാവൽ സൈറ്റായ ഗോ യൂറോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ട്രെയിൻ യാത്രയുടെ കാര്യത്തിൽ മാത്രമല്ല, ബസ്, എയർ ട്രാവലിന്റെ കാര്യത്തിലും ഫ്രാൻസിൽ ചെലവ് താരതമ്യേന ഏറെയാണ്. ബസ് യാത്രാ ചെലവിന്റെ കാര്യത്തിൽ ഫ്രാൻസ് 40 രാജ്യങ്ങളിൽ വച്ച് ഇരുപത്തഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. 100 കിലോമീറ്ററിന് 4.78 യൂറോയാണ് ഇവിടെ ചെലവാകുക. എയർ ട്രാവൽ ചെലവ് 14.74 യൂറോയും. ഇക്കാര്യത്തിൽ 24 യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് പതിനേഴാം സ്ഥാനമാണ് ഫ്രാൻസിന്. ഡെന്മാർക്ക്, ഫിൻലാൻഡ്, ചെക്ക് റിപ്പബ്ലിക്കുകൾ എന്നിവയാണ് വിമാനയാത്രയ്ക്ക് ഏറെ ചെലവേറിയ രാജ്യങ്ങൾ.