ന്യൂഡൽഹി: റെയിൽവേ സ്‌റ്റേഷനുകളിലും, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവെ ഈ മാസം മുതൽ പൊതുജനങ്ങളിൽ നിന്നും പ്രതികരണങ്ങൾ ശേഖരിക്കും. റെയിൽവെയും ഉപയോക്താക്കളും തമ്മിൽ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ കേന്ദ്ര റെയിൽവെ മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പുതിയ നടപടി.

ഇൻട്രാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (ഐവിആർഎസ്) നമ്പർ + 91-139 സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആയിരിക്കും ഈ ജോലി നിർവഹിക്കുക.

സ്റ്റേഷൻ, പ്ലാറ്റ്‌ഫോം, തീവണ്ടി എന്നിവിടങ്ങളിലെ ശുചിത്വം, കാറ്ററിങ്ങിലെ ഗുണമേന്മ, ഏസിയുടെ കൂളിങ് നില, ഭക്ഷണ ഗുണമേന്മ, തീവണ്ടികളുടെ സമയ നിഷ്ടത, കിടപ്പുസാമഗ്രികളുടെ ഗുണമേന്മ എന്നീ ആറ് മേഖലകളിലായി യാത്രക്കാരുമായി മൊബൈൽ ഫോണിലൂടെ സംസാരിച്ചാകും പ്രതികരണങ്ങൾ ശേഖരിക്കുക.

ആറ് മേഖലകളിൽ ചുരുങ്ങിയത് രണ്ട് സൗകര്യങ്ങളുടെ കാര്യത്തിലാകും യാത്രികർക്ക് പ്രതികരണം അറിയിക്കേണ്ടിവരിക. ഓരോ സൗകര്യവും നല്ലത് എന്നറിയിക്കാൻ മൊബൈൽ ഫോണിൽ 2, തൃപ്തികരമെന്നറിയിക്കാൻ 1, തൃപ്തികരമല്ലെന്നറിയിക്കാൻ 0 എന്നും അമർത്താം.