തിരുവനന്തപുരം : കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിൻ സർവീസുകൾ. ട്രെയിനുകൾ ഒക്ടോബർ ഏഴു മുതൽ ഓടിത്തുടങ്ങും. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ടുട്രെയിനുകളിലും. ആകെ പത്തു കോച്ചുകളാണുള്ളത്.

കോട്ടയത്തു നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 11. 45 ന് നിലമ്പൂരിലെത്തും. നിലമ്പൂരിൽ നിന്നും വൈകീട്ട് 3.10 ന് തിരിക്കുന്ന ട്രെയിൻ രാത്രി 10.15 ന് കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്ത് കോച്ചുകൾക്ക് പുറമെ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്.

ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, തൃശൂർ, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണൂർ, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

ഈ രണ്ട് ട്രെയിനുകൾക്ക് പുറമെ, നാഗർകോവിലിൽ നിന്നും കോട്ടയത്തേക്കും സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. നാഗർകോവിലിൽ നിന്നും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.35 ന് കോട്ടയത്തെത്തും. ഒക്ടോബർ ആറു മുതലാണ് ഈ ട്രെയിൻ സർവീസ് ആരംഭിക്കുക.