സിംഗപ്പൂർ: റെയിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുന്നതിനാൽ നവംബർ മുതൽ അടുത്ത മാർച്ച് വരെ നോർത്ത് സൗത്ത് ലൈനിലുള്ള ഒമ്പത് എംആർടി സ്‌റ്റേഷനുകൾ അര മണിക്കൂർ നേരത്തെ സർവീസ് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ്. നവംബർ രണ്ടു മുതലാണ് അറ്റകുറ്റ പണികൾ ആരംഭിക്കുന്നത്. പതിവ് സർവീസ് അവസാനിപ്പിക്കുന്ന 12.30 എ എം എന്നുള്ള സമയത്തിൽ നിന്നു വ്യത്യസ്തമായി അര മണിക്കൂർ നേരത്തെ ഈ സ്റ്റേഷനുകൾ സർവീസ് അവസാനിപ്പിക്കും.

ആഴ്ചയിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച രാത്രി വരെയായിരിക്കും ഈ സ്റ്റേഷനുകൾക്കു കീഴിൽ പണി നടക്കുക. അഡ്‌മിറാൽട്ടി, വുഡ്‌ലാൻഡ്‌സ്, മാർസിലിങ്, ക്രാഞ്ചി, യൂ ടീ, ചുവാ ചുകാംഗ്, ബുക്തി ഗോംബാക്ക്, ബുകിത് ബുതോക്, ജുറോംഗ് ഈസ്റ്റ് എന്നീ സ്‌റ്റേഷനുകളാണ് അറ്റകുറ്റപ്പണികൾക്കായി അര മണിക്കൂർ നേരത്തെ സർവീസ് അവസാനിപ്പിക്കുന്നത്.

മരിയാന ബേയിൽ നിന്ന് ജുറോംഗ് ഈസ്റ്റിലേക്ക് ഞായറാഴ്ച മുതൽ വ്യാഴാഴ്ച രാത്രി വരെയുള്ള ദിവസങ്ങളിൽ അവസാന ട്രെയിൻ രാത്രി 11.16ന് പുറപ്പെടും. അതേസമയം മരിയാന ബേയിൽ നിന്ന് അഡ്‌മിറാൽട്ടിയിലേക്കുള്ള അവസാന സർവീസ് അർധരാത്രി 12.07നായിരിക്കും. ജുറോംഗ് ഈസ്റ്റിൽ നിന്ന് അംഗമോകിയോയിലേക്കുള്ള അവസാന സർവീസ് രാത്രി 11.58ന് പുറപ്പെടുമെന്നും അറിയിപ്പിൽ പറയുന്നു.

നോർത്ത് സൗത്ത് ലൈനിൽ നിന്ന് രാത്രി 11.15 നു ശേഷം ട്രെയിൻ കയറുന്നവർ നവംബർ രണ്ടിനു ശേഷം മറ്റു യാത്രാ മാർഗങ്ങൾ തെരഞ്ഞെടുക്കണമെന്ന് എസ്എംആർടി നിർദേശിക്കുന്നു. www.publictransport.sg #sthash.0EUe8181.dpuf എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് തങ്ങളുടെ യാത്രാ പദ്ധതി മുൻകൂർ നിശ്ചയിക്കണമെന്നാണ് എസ്എംആർടി പറയുന്നത്.