ബെർലിൻ: ജിഡിഎൽ- ഡച്ച്ബാൻ  ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയൻ ബുധനാഴ്ച മുതൽ പണിമുടക്ക് ആരംഭിച്ചു. ഡ്രൈവർമാരുടെ വേതനം സംബന്ധിച്ച തർക്കമാണ് പണിമുടക്കിൽ എത്തിച്ചേർന്നിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ട്രെയിൻ സർവീസിനെ ഏറെ ബാധിച്ചുകൊണ്ടാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ദീർഘ ദൂര സർവീസുകളിൽ മൂന്നിലൊന്ന് സർവീസുകൾ മാത്രമേ ഓടുന്നുള്ളൂ.

യാത്രാ ട്രെയിനുകളേയും ചരക്കു വണ്ടികളേയും ഒരുപോലെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഒരു മാസമായി ഡ്രൈവർമാരുടെ ശമ്പളം സംബന്ധിച്ച തർക്കത്തിന് പരിഹാരം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ട്. റീജണൽ സർവീസുകളിൽ 85 ശതമാനം സർവീസുകളേയും പണിമുടക്ക് സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. പണിമുടക്ക് മൂലം യാത്രക്കാർക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി സ്‌പെഷ്യൽ ടെലിഫോൺ ഹോട്ട്‌ലൈൻ തുടങ്ങിയിട്ടുണ്ടെന്ന് ഡച്ച്ബാൻ അറിയിച്ചു. ടിക്കറ്റ് നിരക്ക് തിരിച്ചു നൽകുമെന്നും ഓടുന്ന സർവീസിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്നതിനുമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം ജിഡിഎൽ പണിമുടക്കിനെ അപലപിച്ചുകൊണ്ട് ബിഡിഐ ഇൻഡസ്ട്രി ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. ജിഡിഎൽ പണിമുടക്ക് ജർമൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദിവസം 100 മില്യൺ യൂറോയുടെ നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്നാണ് ആരോപണം.

ജോലി സമയം, വേതനം എന്നീ വിഷയങ്ങളിലാണ് യൂണിയൻ മാനേജ്‌മെന്റുമായി അഭിപ്രായഭിന്നതയിൽ എത്തിയിട്ടുള്ളത്. ട്രെയിൻ സർവീസ് പണിമുടക്കിയതിനെ തുടർന്ന് ദീർഘദൂര ബസ് സർവീസുകൾക്ക് ചാകരയായിരിക്കുകയാണ്. ബസ് സർവീസ് വെബ് സൈറ്റുകളിൽ ബുക്കിംഗുകാരുടെ തിരക്ക് ഏറെ അനുഭവപ്പെടുന്നുണ്ട്.