ദോഹ: എഡ്യൂക്കേഷൻ സിറ്റിയെ പരിസ്ഥിതി സൗഹൃദ്ദ സ്മാർട്ട് സിറ്റി ആക്കുന്നതിന്റെ ഭാഗമായി ആദ്യ ട്രാം എത്തി. ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള എഡ്യൂക്കേഷൻ സിറ്റിയിൽ വികസന നടപടികളുടെ ഭാഗമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രാമുകൾ എത്തിച്ചിട്ടുള്ളത്. എഡ്യൂക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ് നടപടികൾ അതിന്റെ അവസാനഘട്ടത്തിലെത്തിയതിന്റെ സൂചനയാണിതെന്നാണ് പറയപ്പെടുന്നത്.

കാർബൺ എമിഷൻ കുറയ്ക്കാനായി കാർ ഫ്രീ സോൺ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ഫൗണ്ടേഷൻ ഈ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അറുപത് സീറ്റുകളോട് കൂടിയ ഒരു ട്രാമിൽ 234 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ ശരാശരി 3,000 പേർക്ക് യാത്രാ സൗകര്യമൊരുക്കാൻ എജുക്കേഷൻ സിറ്റിയിൽ സജ്ജീകരിക്കുന്ന 19 ട്രാമുകൾക്ക് കഴിയും. നാല് മിനുട്ട് ഇടവേളകളിൽ ട്രാം പുറപ്പെടും. 11.5 കിലോ മീറ്റർ പാതയിൽ 24 ട്രാം സ്‌റ്റേഷനുകളാണുള്ളത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ദോഹ മെട്രോയുമായി ട്രാം സർവീസ് ബന്ധിപ്പിക്കും. ആദ്യ ട്രാം ജർമനിയിലെ ബ്രമർഹാവൻ തുറമുഖത്ത് നിന്നാണ് ദോഹയിലത്തെിയത്. 19 ട്രാമുകളാണ് സീമൻസിന്റെ വിയന്ന പ്‌ളാന്റിൽ നിർമ്മിക്കുന്നത്.

സന്ദർശകരെയും, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളേയും ജോലിക്കാരെയും എല്ലാം അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഇതുവഴി സാധിക്കും. ദോഹ മെട്രോയുമായി ചേർന്നായിരിക്കും ഇതിന്റെയും സർവ്വീസുകൾ നടക്കുക. ഇതിന് പുറമെ ഖത്തർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗ്രീൻ ഇൻഫ്രാസ്‌ട്രെക്ചർ രാജ്യത്ത് രൂപപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.