മെൽബൺ: ഒറ്റവിസയിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ നിലവിൽ വരും. ഓസ്‌ട്രേലിയ സന്ദർശിക്കാൻ എത്തുന്ന പലരും ന്യൂസിലാൻഡ് കൂടി സന്ദർശിക്കാറുണ്ടെന്നതാണ് സത്യം. എന്നാൽ ഇരു രാജ്യങ്ങളും സന്ദർശിക്കാൻ പ്രത്യേകം വിസകൾ ഇപ്പോൾ ആവശ്യമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളിലേക്കും ഒറ്റവിസയിൽ സന്ദർശിക്കാൻ സാധ്യമാകുന്ന ട്രാൻസ് ടാസ്മാൻ വിസ ഈ വർഷം അവസാനത്തോടെ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പരീക്ഷണാർഥം നടപ്പാക്കിയതാണ് ട്രാൻസ് ടാസ്മാൻ വിസ. വൻ വിജയമായിരുന്ന ഈ സംയുക്ത വിസ നടപ്പിലാക്കുന്നതോടെ ഇരുരാജ്യങ്ങളുടേയും വിനോദസഞ്ചാര മേഖല പുഷ്ടിപ്പെടുമെന്നാണ് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത്.
പെർമനന്റ് ട്രാൻസ്-ടാസ്മാൻ വിസയിലൂടെ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ഇരു രാജ്യങ്ങൾക്കിടയിലും അനായാസം സഞ്ചരിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും ഓസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കുമുള്ള ദീർഘദൂര വിമാനങ്ങൾ കൂടുതൽ ആകർഷിക്കുന്നതാക്കുമെന്നുമാണ് അവർ വിശ്വസിക്കുന്നത്.

കഴി്ഞ്ഞ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ വിസയുള്ളവർക്കും ന്യൂസിലാൻഡ് സന്ദർശിക്കുന്നതിന് അനുവാദം നൽകിയിരുന്നു. മൂന്ന് മാസത്തിനിടെ ന്യൂസിലാൻഡിലെത്തുന്നവരെ ഓസ്‌ട്രേലിയ സന്ദർശിക്കാനും അനുവദിച്ചിരുന്നു.
ഈ താൽക്കാലിക വിസയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ദി ടൂറിസം ആൻഡ് ട്രാൻസ്പോർട്ട് ഫോറം ഓസ്ട്രേലി(ടിടിഎഫ്)യയും ടൂറിസം ഇന്റസ്ട്രി അസോസിയേഷൻ ന്യൂസിലാൻഡും(ടിഐഎ) ചേർന്ന് ഇത്തരത്തിലുള്ള ഒരു പെർമനന്റ് റീജിയണൽ വിസ ഈ വർഷം അവസാനത്തോടെയെങ്കിലും നടപ്പിലാക്കണമെന്ന് ഓസ്ട്രേലിയൻ മിനിസ്റ്റർ ഫോർ ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രോട്ടക്ഷന് കത്തയിച്ചിട്ടുണ്ട്.

ഇത്തരത്തിൽ സ്ഥിരമായി ഒരു ചട്ടം ഉണ്ടാക്കുകയാണെങ്കിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2020-ഓടെ 140,000 കവിയുമെന്നാണ് ടൂറിസ്റ്റ് അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവുകൾ പറയുന്നത്.
സ്വന്തം ലേഖകൻ