തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാൻസ്ജെൻഡർ വിവാഹം കേരളത്തിൽ നടന്നു. തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടന്നത്. സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് പുതുജീവിതത്തിലേക്ക് കടന്നത്. വധുവായി അണിഞ്ഞൊരുങ്ങി എത്തിയ സൂര്യയുടെ കഴുത്തിൽ ഇഷാൻ ഷാൻ താലി ചാർത്തുകയായിരുന്നു. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് എത്തിയിരുന്നു.

വർണാഭമായ വിവാഹ ചടങ്ങിന് സാക്ഷിയാകാൻ രാഷ്ട്രീയ നേതക്കളും ട്രാൻസ്ജെന്റർ സമൂഹവും എത്തിയിരുന്നു. സിപിഎം നേതാവ് ടി എന്ഡ സീമ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരാനെത്തി. വിവാഹത്തിനെത്തി പിന്തുണ അറിയിച്ചവർക്ക് നവദമ്പതികൾ നന്ദി അറിയിച്ചു. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഭയങ്കര സന്തോഷത്തിലാണ്. ഇങ്ങനെ ഞങ്ങൾക്കും ജീവിക്കാൻ കഴിയുമെന്നറിഞ്ഞതിൽ സന്തോഷം. ഞങ്ങളെയും മനുഷ്യരായി പരിഗണിക്കണം.- സൂര്യ പറഞ്ഞു. ഈ സമൂഹത്തിന് മാതൃകയായ വിവാഹം. അംഗീകാരമാണെങ്കിലും വിമർശിക്കുന്ന ഒരുപാടുപേരുണ്ട്. നൂറുശതമാനം അംഗീകാരം കിട്ടാനൊന്നും പോകുന്നില്ല. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും. നല്ല രീതിയിൽ ഞങ്ങൾ ജീവിക്കും. - ഇഷാൻ വ്യക്തമാക്കി.

തിരുവനന്തപുരം മന്നം നാഷണൽ ക്ലബ്ബിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും സുഹൃത്തുക്കളും വീട്ടുകാരുമടക്കം നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു. ആട്ടവും പാട്ടും ആഘോഷവുമായി എല്ലാവരും സന്തോഷത്തിൽ മുങ്ങിയിരുന്നു. സംഗീതത്തിന്റെ അകമ്പടിയോടെയാണ് വധൂവരന്മാർ വേദിയിലേക്ക് കടന്നുവന്നത്. ഹിന്ദുവായ സൂര്യയും മുസ്ലീമായ ഇഷാനുമാണ് സ്പെഷൽ മ്യാരേജ് ആക്ട് പ്രകാരം മിശ്രവിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്ത വിവാഹം അക്ഷരാർത്ഥത്തിൽ ഒരാഘോഷമായി.

ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഉണ്ടാവുകയില്ല.

ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങൾ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും വ്യക്തമാക്കുന്നു.സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇഷാൻ ഇസ്ലാം സമുദായത്തിൽ നിന്നുമായതിനാൽ കേവലമൊരു രജിസ്റ്റർ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. സൂര്യ സംസ്ഥാന സമിതി അംഗവും, ഇഷാൻ തിരുവനന്തപുരം ജില്ലാ സമിതി അംഗവുമായിരിക്കുന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലെയും, ഒയാസിസ് തിരുവനന്തപുരം ട്രാൻസ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടെയാണ് ഇരുവരും വിവാഹിതരായത്.

മുപ്പത്തിഒന്നുകാരിയായ സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള മാറ്റത്തിനൊടുവിൽ, സൂര്യ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽ ആക്റ്റിവിസ്റ്റും, ഭിന്ന ലൈംഗിക ന്യൂനപക്ഷ പ്രവർത്തകയുമാണ്. ഒപ്പം സ്റ്റേജ് പ്രോഗ്രാമിലെയും സിനിമയിലെയും ഡബ്ബിങ് ആർട്ടിസ്റ്റായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. കേരളത്തിലെ, ആദ്യ നിയമവിധേയ ട്രാൻസ്ജെൻഡർ വിവാഹത്തിന്റെ ഭാഗമായത്. ഒരു പുരുഷനെയോ സ്ത്രീയെയോ പോലെ എല്ലാവിധ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വിഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. ഞങ്ങൾക്കും പരസ്പര സ്നേഹത്തോടെ സമൂഹത്തിൽ കുടുംബമായി ജീവിക്കണം- സൂര്യ പറയുന്നു.

ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.