തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പൊലീസിനെതിരെ കർക്കശ നിലപാട് സ്വീകരിച്ചതിലൂടെ ശ്രദ്ധേയയായ ഷൈനമോളെ മലപ്പുറം കളക്ടറാക്കിയും ഹയർസെക്കൻഡറി ഡയറക്ടറായിരിക്കെ കെഎസ്‌യുക്കാർ കരി ഓയിൽ ഒഴിച്ച് അപമാനിച്ച കേശവേന്ദ്രകുമാറിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല നൽകിയും പരാതികൾക്ക് ഇടനൽകാതെ പിണറായി സർക്കാർ ഐഎഎസുകാരുടെ അഴിച്ചുപണി നടത്തി. രണ്ടുവർഷം ഒരുജില്ലയിൽ പൂർത്തിയാക്കിയ പത്ത് കളക്ടർമാരെയാണ് മാറ്റി നിയമിച്ചത്.

തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറിനെ കൃഷി ഡയറക്ടറാക്കി. കാർഷികരംഗത്ത് ഊന്നൽ നൽകാൻ മന്ത്രി വി എസ് സുനിൽകുമാറും കൃഷിവകുപ്പ് സെക്രട്ടറിയായി രാജു നാരായണസ്വാമിയും ഉൾപ്പെട്ട സംഘത്തോടൊപ്പമായിരിക്കും കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകൻ കൂടിയായ ബിജു പ്രഭാകറിന്റെ ഇനിയുള്ള പ്രവർത്തനം. 2009 ബാച്ചിലെ എസ് വെങ്കടേശപതി ആയിരിക്കും പുതിയ തിരുവനന്തപുരം കളക്ടർ. മലപ്പുറത്തുനിന്നാണ് അദ്ദേഹം തലസ്ഥാനജില്ലയുടെ കളക്ടറാകുന്നത്.

പുറ്റിങ്ങൽ അപകടവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലൂടെ ശ്രദ്ധേയയായ ഷൈനമോൾക്ക് മലപ്പുറം കളക്ടറായി നിയമനം നൽകിയതിലൂടെ ജില്ലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുമെന്ന ഉറപ്പുവരുത്തുകയാണ് സർക്കാരെന്ന് വ്യക്തം. പുറ്റിങ്ങൽ സംഭവത്തിൽ പൊലീസിന്റെ നടപടികളെ വിമർശിച്ച നളിനിനെറ്റോയുടെ നിലപാടിന് കാരണമായതും ഷൈനമോളുടെ റിപ്പോർട്ടുകളാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹയർസെക്കന്ററി വകുപ്പ് ഡയറക്ടറായിരിക്കെ കെഎസ്‌യു പ്രവർത്തകരുടെ കരി ഓയിൽ പ്രയോഗത്തിന് ഇരയായ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനെ വയനാട് കളക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുള്ളത് ആരോഗ്യ മിഷൻ ഡയറക്ടറായാണ്.

ഇദ്ദേഹത്തിന് അനുപമ ഐഎഎസ് പ്രസവാവധിയിൽ പോയതോടെ ഒഴിഞ്ഞുകിടക്കുന്ന ഫുഡ് സേഫ്റ്റി കമ്മിഷണറുടെയും സാമൂഹ്യനീതി ഡയറക്ടറുടേയും അധിക ചുമതലകൾ കൂടി നൽകിയിട്ടുണ്ട്. വയനാട്ടിൽ മികച്ച പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥൻ കൂടിയാണ് കേശവേന്ദ്രകുമാർ. ലീഗ് മന്ത്രി ഭരിച്ചിരുന്ന വേളയിൽ മന്ത്രിക്കെതിരെ പ്രതിഷേധിക്കാനാകാതെ കെഎസ്‌യുക്കാർ കേശവേന്ദ്രകുമാറിനെ കരിഓയിലിൽ കുളിപ്പിച്ച് പ്രതിഷേധിച്ചത് വൻ വിവാദമായി മാറിയിരുന്നു. ബിഎസ് തിരുമേനിയായിരിക്കും പുതിയ വയനാട് കളക്ടർ.

എറണാകുളം കളക്ടറായി മികച്ച സേവനം നടത്തിവന്ന എംജി രാജമാണിക്യത്തിന് കേരള ഫിനാൻസ് കോർപ്പറേഷൻ എംഡിയായാണ് നിയമനം നൽകിയിട്ടുള്ളത്. ഇദ്ദേഹത്തിന് ഋഷിരാജ് സിംഗിനു കീഴിൽ എക്‌സൈസ് അഡീഷണൽ കമ്മീഷണറുടെ ചുമതലകൂടി നൽകിയിട്ടുണ്ട്. കെ. മുഹമ്മദ് വൈ സഫീറുള്ളയായിരിക്കും പുതിയ എറണാകുളം കളക്ടർ.

കൊല്ലത്ത് ടി മിത്ര, പത്തനംതിട്ടയിൽ ആർ. ഗിരിജ, ആലപ്പുഴയിൽ വീണാ മാധവൻ, കോട്ടയത്ത് സി എ ലത, ഇടുക്കിയിൽ ജി ആർ ഗോപു, തൃശൂരിൽ എ കൗശിഗൻ, കണ്ണൂരിൽ മിർമുഹമ്മദ് അലി, കാസർകോട് ജീവൻ ബാബു എന്നിവരായിരിക്കും പുതിയ കളക്ടർമാർ. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ് ഹരികിഷോറിനേയും ഐടി മിഷൻ ഡയറക്ടറായി പി ബാലകിരണിനേയും നിയമിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഡയറക്ടറാക്കിയ വി രതീശന് എംഎൻആർഇജിഎസ് മിഷൻ ഡയറക്ടറുടെ അധിക ചുമതലയും നൽകി. രജിസ്‌ട്രേഷൻ ഐജിയുടെ ചുമതല കൂടി നൽകി ഇ ദേവദാസനെ സർവെ ലാന്റ് റെക്കോഡ്‌സ് ഡയറക്ടറാക്കിയും നിയമിച്ചു.