- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിൽസാ പിഴവ് ആരോപിച്ചതിന് അനന്യയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു; അമിത ചികിത്സാ ചെലവ് ഈടാക്കി; റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛൻ അലക്സാണ്ടർ; മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിന്നും മോശം അനുഭവങ്ങൾ നേരിട്ടതായി അച്ഛൻ അലക്സാണ്ടർ. ശസ്ത്രക്രിയക്ക് പിന്നാലെ പലപ്പോളും ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ചികിൽസാ പിഴവുണ്ടായെന്ന ആരോപണം ഉയർത്തിയതിന് ആശുപത്രി ജീവനക്കാർ അനന്യയെ മർദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയിൽ നിന്ന് ലഭിച്ചത്. ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛൻ ആരോപണം ഉന്നയിച്ചു. ഒരിക്കൽ ആശുപത്രി പിആർഒ ഉൾപ്പെടെ ആശുപത്രി ജീവനക്കാർ അനന്യയെ മർദ്ദിച്ചിരുന്നു എന്നും അലക്സാണ്ടർ ആരോപിച്ചു.
അതിനിടെ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണത്തിൽ അടിയന്തര അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശം നൽകി. ട്രാൻസ്ജെണ്ടർ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. ട്രാൻസ്ജെൻഡർ സംഘടനയുൾപ്പെടെ പരാതി നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പാളിച്ച സംഭവിച്ചു എന്നും ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും നേരത്തെ അനന്യ പരാതി ഉന്നയിരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനൈ മെഡിസിറ്റിയിൽ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകൾ ഏറെയാണെന്നുമായിരുന്നു അനന്യയുടെ പരസ്യ പ്രതികരണം. ചികിൽസ രേഖകൾ പോലും കൈമാറാതെ തന്റെ തുടർ ചികിൽസ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള വിഷയങ്ങളാണോ മരണത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അനന്യയുടെ സുഹൃത്തായ ദയ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം അനന്യ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെന്നും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോൾ വീണ്ടും പഠിച്ചിട്ട് താൻ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും അവർ വ്യക്തമാക്കി.
'കഴിഞ്ഞ വർഷം ജൂണിൽ ശസ്ത്രക്രിയ നടന്നതിനുശേഷം ഒരു വർഷത്തോളമായി രക്തസ്രാവമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ മാനസികമായി തകർന്നു. വീണ്ടും ശസ്ത്രക്രിയ ചെയ്തുതരണമെന്നു മാത്രമാണ് ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നത്. ഡോക്ടർ പറഞ്ഞതിന്റെ തെളിവുകൾ അനന്യ റെക്കോഡ് ചെയ്തിരുന്നു.', സുഹൃത്ത് ദയ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ട്രാൻസ്ജെൻഡർ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. അനന്യയുടെ മരണം ആത്മഹത്യയല്ലെന്ന് സുഹൃത്തും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ഹൈദി സന്ധ്യ ആരോപിച്ചു.
കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ട്രാൻസ് ജെണ്ടർ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്സ്. അന്യന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അനന്യയുംടെ ഫ്ലാറ്റിൽ പൊലീസ് വീണ്ടും പരിശോധന നടത്തും.
ആരോപണ വിധേയനായ ഡോക്ടറിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തിൽ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്നങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.
മറുനാടന് മലയാളി ബ്യൂറോ